https://commons.wikimedia.org/wiki/File:Papyrus_Amherst_3a,_3b_-_Morgan_Library,_Pap._Gr._3_-_private_letter_%2B_Epistle_to_Hebrews_1,1.jpg

എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്‍

എബ്രായ ലേഖനം വളരെ ആഴമേറിയ ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുള്ള ഒരു ലേഖനമാണ്. വേദപണ്ഡിതനായ  റൈമോണ്ട് ബ്രൌണിന്‍റെ അഭിപ്രായത്തില്‍ “പുതിയനിയമത്തിലെ ഏറ്റവും ഹൃദയഹാരിയായ രചനയാണ്” ഈ ലേഖനം (An introduction to newtestment, Raymond Brown, 1997). വായനക്കാരെ വിട്ടുവീഴ്ചയില്ലാത്ത ഒരു ക്രിസ്തീയ പ്രതിബദ്ധതയിലേക്ക് നയിക്കുവാന്‍ പര്യാപ്തമായതും അപ്പോള്‍ തന്നെ പുതിയനിയമത്തിലെ ഏറ്റവും തീവ്രമായ മുന്നറിയിപ്പുകളും അടങ്ങിയിരിക്കുന്ന ഒരു ലേഖനമാണിതു. തന്‍റെ ഈ ലേഖനത്തെ രചയിതാവു തന്നെ വിശേഷിപ്പിക്കുന്നത് പ്രബോധനവാക്യം എന്നാണ് (എബ്രാ 13:22). ലേഖനത്തിന്‍റെ പ്രധമ സ്വീകര്താക്കള്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ ലേഖനം എഴുതപ്പെട്ടത് എന്നതിലേക്കു വിരല്‍ ചൂണ്ടുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഈ ലേഖനത്തില്‍ അടങ്ങിയിട്ടുണ്ട്(എബ്രാ 3:12-13 ; 6:10-12 ; 10:25,29,35-39 ; 12:3-4 ; 13:2-19). അതിനാല്‍ തന്നെ ഈ ലേഖനം ശരിയായി മനസ്സിലാക്കുന്നതിനു ലേഖനം എഴുതപ്പെട്ട പശ്ചാത്തലം മനസ്സിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഈ ലേഖനം പഠിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരാളെയും നിരാശപ്പെടുത്തുന്ന ഒരു വസ്തുത ഇതെഴുതപ്പെട്ട പശ്ചാത്തലം സ്പഷ്ട്ടമായും വിശദമായും ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് തന്നെയാണ്.  അതി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നത്തെ അധീകരിച്ചാണ് ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്നത് എന്നത് 13:22 ലെ “ഈ പ്രബോധനവാക്യം പൊറുത്തുകൊള്ളുവിന്‍ എന്നപേക്ഷിക്കുന്നു” എന്ന പ്രയോഗത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ ആയിരിക്കണം തന്‍റെ ആദ്യ വായനക്കാര്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നം എന്താണ് എന്ന് തുറന്നടിച്ചു എഴുതുന്നതില്‍ നിന്നും രചയിതാവിനെ പിന്തിരിപ്പിച്ചത് എന്ന് വേണം മനസ്സിലാക്കുവാന്‍. ലേഖനത്തില്‍ നിന്നും ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ ഒരു ചരിത്ര പശ്ചാത്തല പുനര്‍നിര്‍മ്മിതിക്ക് ശ്രമിക്കുക എന്നതാണ് സാധാരണ ഗതിയില് ‍ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍  ചരിത്രകാരന്മാര്‍ ചെയ്യാറുള്ളത്. ഇത്തരം ഒരു ശ്രമം നടത്തുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്യേശ്യലക്‌ഷ്യം.

പരമ്പരാഗതമായി എബ്രായ ലേഖനം പൌലോസ് എഴുതി എന്നാണ് കരുതപെട്ടിരിക്കുന്നത് . എങ്കിലും ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ഇതിനെക്കുറിച്ച് ഒരു ഉറപ്പില്ലായ്മ ഉണ്ടായിരുന്നു . ഉദാഹരണമായി സഭാപിതാവായ തെര്‍ത്തുല്ല്യന്‍ ഇതു ബര്ന്നബാസാണെന്നാണ് പറഞ്ഞിരിക്കുന്നത് (A D 150 – 230) . യുസിബെയോസ്‌(Eusebius) ഇതു പൌലോസ്‌ എഴുതിയതാണെന്ന് വിശ്വസിച്ചിരുന്നു . എന്നാല്‍ മറ്റൊരു സഭാപിതാവായ ഒറിജിന്‍ (Origin) ഇതിനോട് പൂര്‍ണമായും യോജിച്ചിരുന്നില്ല (269 – 339) .അദ്ദേഹത്തിന്റെ അഭിപ്രായം താഴെ പറയുന്ന പ്രകാരമാണ്:

ആശയങ്ങള്‍ അപ്പോസ്തലന്റെയാണ്(പൗലോസ്‌), പക്ഷെ രചനാ രീതിയും രൂപീകരണവും അപ്പോസ്തലന്റെ പഠിപ്പിക്കലുകള്‍ ഓര്‍ത്തെടുത്തു എഴുതിയ വ്യക്തിയുടെതാണ്…..പക്ഷെ ഇതാരാണ് എഴുതിയതെന്നുള്ളത് സത്യത്തില്‍ ദൈവത്തിനു മാത്രമേ അറിയൂ….എന്നാല്‍ നമ്മുക്ക് ലഭ്യമായ വിവരണങ്ങളില്‍ ചിലര്‍ പറയുന്നത് റോമിലെ ബിഷപ്പായിരുന്ന ക്ലെമന്റ് ആണ് ഈ ലേഖനം എഴുതിയതെന്നാണ്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് അത് സുവിശേഷവും പ്രവര്‍ത്തികളുടെ(അപ്പൊസ്തലന്മാരുടെ) പുസ്തകവുമെഴുതിയ ലൂക്കോസ് ആണ് എന്നാണു

Eusebius, Ecclesiastical History, 6.25

മറ്റൊരു സഭാ പിതാവായ അലക്സാണ്ട്രിയായിലെ ക്ലെമന്‍റ് (150-215) ഈ വിഷയത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്:

എബ്രായര്‍ക്കെഴുതിയ ലേഖനം പൌലോസിന്റെ രചനയാണ്, ഇതു എബ്രായര്‍ക്കു വേണ്ടി ഹീബ്രൂ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്. എന്നാല്‍ ലൂക്കോസ് ഇതു വളരെ ശ്രദ്ധാപൂര്‍വം വിവര്‍ത്തനം ചെയ്തു ഗ്രീക്കുകാര്‍ക്കു വേണ്ടി പ്രസിദ്ധീകരിച്ചു, അതുകൊണ്ട് തന്നെ ഈ ലേഖനത്തിലും പ്രവര്‍ത്തികളുടെ പുസ്തകത്തിലും ഒരേ ശൈലിയിലുള്ള ആശയ പ്രകാശന രീതികള്‍ കാണുവാന്‍ സാധിക്കും

Eusebius, Ecclesiastical History, 6.14

പൗലോസ്‌ ആണ് ഈ ലേഖനം എഴുതിയതെന്നു വിശ്വസിക്കുവാന്‍ അല്‍പ്പം പ്രയാസമുണ്ട്. കാരണം 2:3 ല്‍ എഴുത്തുകാരന്‍ താന്‍ രക്ഷയെക്കുറിച്ചു അറിഞ്ഞത് കര്‍ത്താവില്‍ നിന്നല്ല മറിച്ച് കര്‍ത്താവില്‍ നിന്നും കേട്ടവരില്‍ നിന്നാണെന്ന് പറയുന്നുണ്ട്(കേട്ടവര്‍ നമ്മുക്ക് ഉറപ്പിച്ചു തന്നതുമായ). എന്നാല്‍ ഗലാത്യര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ്‌ ഇത്തരമൊരു ആരോപണം ശക്തമായി നിക്ഷേധിക്കുന്നുണ്ട്(ഗലാ 1:11-12).

ലൂക്കോസ് ഒരു യഹൂദനായിരുന്നുവെന്നും അദ്ദേഹം സ്വതന്ത്രമായി എഴുതിയ ഒരു ലേഖനമാണിതെന്നും സമര്‍ത്ഥിക്കുന്ന ചില ആധുനിക പണ്ഡിതന്മാരുമുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ക്ക് Lukan authorship of Hebrews, David L Allen, 2010 നോക്കുക.)

അപ്പല്ലോസ്, പ്രിസ്കില്ല തുടങ്ങി യേശുവിന്റെ അമ്മ മറിയയുടെ പേരുവരെ ഈ ലേഖനത്തിന്റെ രചയിതാവിനെക്കുറിച്ചുള്ള ആധുനിക പഠനങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ആദിമ നൂറ്റാണ്ടുകളില്‍ വിവിധ പുതിയനിയമ ഗ്രന്ഥങ്ങളുടെ കാനോനികതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഓരോ ഗ്രന്ഥത്തിന്റെയും എഴുത്തുകാരന്‍ ആരാണെന്നതിനു അവയുടെ കാനോനികത നിശ്ചയിക്കുന്നതില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു, ഇങ്ങനെയൊരു സാഹചര്യത്തില്‍ ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍ തന്നെ ഈ പേരുകളൊന്നും (Hermeneutics, authority, and canon, D. A. Carson, John D. Woodbridge, 1986) അത്ര ഗൗരവമായി പരിഗണിക്കേണ്ടതില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എബ്രായര്‍ 11:32 ല്‍ “വിവരിക്കുവാന്‍ സമയം പോര” എന്ന് പറഞ്ഞിരിക്കുന്നിടത്ത് മൂലഭാഷയില്‍ എഴുതിയിരിക്കുന്നത് ἐπιλείψει με γὰρ διηγούμενον ὁ χρόνος (എപിലെയ്പ്സി മെ ഗാര്‍ ദിയഗോമെനോന്‍ ഹൊ ക്രോണോസ്‌ = എന്തെന്നാല്‍ വിവരിച്ചാല്‍ സമയം എന്നെ പരാജയപ്പെടുത്തും) എന്നാണ്. ഇതില്‍ με (മെ = എന്നെ) എന്ന ഏകവചന സര്‍വ്വനാമാം διηγούμενον (ദിയഗോമെനോന്‍ = വിവരിച്ചാല്‍) എന്നാ പുല്ലിംഗ പാർട്ടിസിപ്പിളുമായി ചേര്‍ത്ത് പ്രയോഗിച്ചിരിക്കുന്നതിനാല്‍ με (മെ = എന്നെ) എന്നത് എഴുത്തുകാരനെക്കുരിക്കുന്ന ഒരു പുല്ലിംഗ സര്‍വ്വനാമമായി മാറുന്നു. ഇതില്‍ നിന്നും എഴുത്തുകാരന്‍ ഒരു പുരുഷനാണെന്ന് നമ്മുക്ക് തീര്‍ച്ചയാക്കാം. (Lukaszewski, A. L., & Dubis, M. (2009; 2009). The Lexham Syntactic Greek New Testament: Expansions and Annotations.; Robertson, A. (1997). Word Pictures in the New Testament).

നമ്മുടെ ഈ പഠനത്തോടുള്ള ബന്ധത്തില്‍ ഇതിന്‍റെ എഴുത്തുകാരനെക്കുറിച്ചു മനസ്സിലാക്കേണ്ട പ്രധാന വസ്തുത അദ്ദേഹം പഴയനിയമത്തിന്‍റെ ഗ്രീക്ക് വിവര്‍ത്തനമായ സെപ്ത്വജിന്റില്‍ (Septugint)ല്‍ ആഴമേറിയ പാണ്ഡിത്യമുള്ള ഒരു യഹൂദാ ക്രിസ്ത്യാനിയായിരുന്നു എന്നതാണ്. തന്‍റെ ലേഖനത്തിലുടനീളം സെപ്ത്വജിന്റില്‍ (Septugint)ല്‍ നിന്നുള്ള പഴയനിയമ ഉദ്ധരണികളാണു അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് (The role of the Septuagint in Hebrews, Radu Gheorghita, 2003). മാത്രവുമല്ല ഈ എഴുത്തുകാരന്‍ തന്‍റെ കാലഘട്ടത്തിലെ ഗ്രീക്ക് ഭാഷയിലും അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു. ഉദാഹരണമായി മറ്റൊരു പുതിയ നിയമ പുസ്തകങ്ങളിലും ഉപയോഗിച്ചിട്ടില്ലാത്ത ഏകദേശം 157 വാക്കുകള്‍ എബ്രായ ലേഖകന്‍ തന്റെ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുണ്ട് (Philo and the Epistle to the Hebrews, Ronald Williamson, 1970, Page 11 – 13). എഴുത്തുകാരന്റെ മറ്റൊരു പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ വാഗ്‌പാടവ നിപുണതയാണ് (വാഗ്പാടവ നിപുണത എന്ന വിഷയത്തെ വിശദമായ മുഖവുരയോടു കൂടെ, ലേഖനത്തിന്റെ വ്യാഖ്യാനത്തോടുള്ള ബന്ധത്തില്‍, തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിശദീകരിക്കുവാന്‍ ഉദേശിക്കുന്നതിനാല്‍ ഇപ്പോള്‍ അതിലേക്കു കൂടുതലായി കടക്കുന്നില്ല). എഴുത്തുകാരന്‍ ആരാണെന്നതിനെക്കുറിച്ചു പൂര്‍ണ്ണമായ ഒരുറപ്പു നമ്മുക്കു ലഭിക്കുകയില്ലയെങ്കില്‍പോലും ലേഖനത്തിന്റെ ആദ്യ സ്വീകര്‍ത്താക്കള്‍ക്കു എഴുത്തുകാരനെ വളരെ അടുത്ത് പരിചയമുണ്ടായിരുന്നു (എബ്രാ 13:19,23).

വ്യക്തിപരമായി പൗലോസിന്റെ ആശയങ്ങൾ ലൂക്കോസ് രേഖപ്പെടുത്തിയാണ് എബ്രായ ലേഖനം എന്ന ചിന്തയോടാണ് എനിക്ക് ചായ്‌വുള്ളത്‌. മുകളിൽ പരാമർശിച്ചിരിക്കുന്ന സൗത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിലെ ഡേവിഡ് അലന്റെ ഗ്രന്ഥത്തിലെ വാദങ്ങളെ കൂടാതെ സതേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിലെ ഡേവിഡ് ബ്ലാക്കിന്റെ കണ്ടെത്തലുകളും ഇതിനോട് മറ്റൊരു നിലയിൽ യോജിക്കുന്നതാണ്. (The Authorship of Hebrews: The Case for Paul Paperback, by David Alan Black).

Leave a reply:

Your email address will not be published.

Sliding Sidebar