തിരുവെഴുത്തുകളുടെ അബദ്ധരാഹിത്യം – പ്രസിദ്ധമായ ചില വാദങ്ങള്‍

ബൈബിള്‍ ദൈവവചനമാണ്‌, ദൈവത്തിന് തെറ്റുപറ്റുകയില്ല, അതിനാല്‍ ബൈബിളില്‍ തെറ്റുകള്‍ ഒന്നും ഇല്ല. ബൈബിളിന്റെ അബദ്ധരാഹിത്യം  തെളിയിക്കുവാന്‍ വേണ്ടി ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വാദമാണിത്‌. പ്രത്യക്ഷത്തില്‍ ശക്തമെന്ന് തോന്നുന്ന ഈ വാദം പക്ഷെ പക്ഷെ ബൈബിളില്‍ നിന്ന് നേരിട്ട് തെളിയിക്കുക എന്നത് പലരും കരുതുന്നത് പോലെ അത്ര എളുപ്പമല്ല. ദൈവ വചനം (ῥῆμα  θεοῦ / λόγος τοῦ θεοῦ), കര്‍ത്താവിന്റെ വചനം (ῥήματος τοῦ κυρίου) എന്നീ പ്രയോഗങ്ങള്‍ ബൈബിളിനുള്ളില്‍ എവിടെയും ബൈബിളിലെ പുസ്തകങ്ങളുടെ സമാഹാരത്തെയോ (ഉദാഹരണമായി പഴയ നിയമം) ബൈബിളിലെ ഏതെങ്കിലും പുസ്തകത്തെ പൊതുവില്‍ പരാമര്‍ശിക്കുവാന്‍ വേണ്ടിയോ ഉപയോഗിച്ചിട്ടില്ല. പ്രസംഗിക്കപ്പെട്ട സന്ദേശത്തെയോ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളുടെ കാര്യത്തില്‍ ദൈവം ചെയ്ത ഏതെങ്കിലും ഒരു പ്രത്യേക പ്രസ്താവനയെയോ ഒക്കെ പരാമര്‍ശിക്കുന്നതിനാണ് ബൈബിളില്‍ ഈ പദ സഞ്ചയം ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ ദൈവം നേരിട്ട് പറഞ്ഞതായി പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത വേദഭാഗങ്ങളെ ദൈവം പറഞ്ഞതായി പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി  ഉല്പത്തി 2:24ല്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു:

അതുകൊണ്ട് പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേർന്നിരിക്കും. അവർ ഇരുവരും ഒരു ശരീരമായിത്തീരും.

 ഉല്പത്തി 2:24

ഇത് എഴുത്തുകാരന്റെ ഒരു വിശദീകരണമെന്ന നിലയിലാണ് പ്രസ്തുത വേദഭാഗം അതിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌. എന്നാല്‍ ഈ വാക്യത്തെക്കുറിച്ച് മത്തായി 19:4-5ല്‍ യേശു പറയുന്നത് ഇപ്രകാരമാണ്:

അവന്‍ മറുപടി പറഞ്ഞു: “ആദിയിൽ സൃഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു, അതുകൊണ്ട് മനുഷ്യൻ മാതാവിനെയും പിതാവിനെയും വിട്ട് തന്റെ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?

മത്തായി 19:4-5

ഇവിടെ ആ എഴുത്തുകാരന്‍ നല്‍കിയ വിശദീകരണം ദൈവം അരുളിച്ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മര്‍ക്കോസിന്റെ സുവിശേഷത്തിലെ സമാന്തര വാക്യത്തില്‍ ഇങ്ങനെയൊരു ആശയം കാണുന്നില്ല (മര്‍ക്കോസ് 10:6-8). മുഴുവന്‍ തിരുവെഴുത്തുകളെയും കുറിച്ച് പൊതുവിലുള്ള സുപ്രധാനമായ ഒരു ഉപദേശം സ്ഥാപിക്കുവാന്‍ ഇത്തരം ചില പരാമര്‍ശങ്ങള്‍ മാത്രം മതിയാകില്ല. ഉദാഹരണമായി ഇതേ രീതിയില്‍ തന്നെ ബൈബിളിലെ എല്ലാ വാക്യങ്ങളെയും എടുക്കുവാന്‍ സാധികുമോ എന്നത് ഈ വാക്യത്തില്‍ നിന്ന് വ്യക്തമല്ല. പഴയ നിയമ പുസ്തകങ്ങളെക്കുറിച്ച് യേശുവിന് ഏക നിലപാടാണ് ഉണ്ടായിരുന്നതെങ്കില്‍ ബൈബിളിനെക്കുറിച്ചുള്ള ഒരു ഉപദേശത്തില്‍ ഈ വാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടാകുമായിരുന്നു.

യേശുവും അപ്പൊസ്തലന്മാരും പഴയ നിയമ തിരുവെഴുത്തുകളെ ആധികാരികതയുള്ളവയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്. എങ്കിലും മര്‍ക്കോസ് 7:10-13ല്‍ മോശ പറഞ്ഞത് ദൈവകല്പന എന്ന് തുല്യപ്പെടുത്തിയ കര്‍ത്താവായ യേശു മര്‍ക്കോസ് 10:3-9ല്‍ മോശ പറഞ്ഞതിന്  (ആവർത്തനം 24:1-4) ഒരു ആധികാരികതയും നല്‍കാതെ അത് മോശയുടെ അഭിപ്രായമാണ് എന്ന നിലയില്‍ സംസാരിച്ചിരിക്കുന്നതായി കാണുവാന്‍ കഴിയും. ഇത്തരത്തിലുള്ള മറ്റ് ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. അതിനാല്‍ യേശുവിന്റെയോ അപ്പോസ്തലന്മാരുടെയോ പഴയ നിയമത്തിന്റെ ഉപയോഗത്തെ, അവര്‍ പഴയ നിയമത്തില്‍ നിന്ന് എടുത്ത വേദഭാഗങ്ങളില്‍ അവര്‍ കണ്ടെത്തിയ സന്ദേശങ്ങളുടെ ആധികാരികതയില്‍ അവര്‍ വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവായി സ്വീകരിക്കുവാന്‍ മാത്രമേ സാധിക്കൂ. പക്ഷെ ഇതിന്റെയപ്പുറത്ത് ആധുനിക ദൈവശാസ്ത്രത്തിന്റെ ഭാഗമായി നമ്മള്‍ വിശ്വസിക്കുന്ന ബൈബിളിന്റെ അപ്രമാദിത്വം എന്ന ഒരു ഉപദേശത്തിന് അടിസ്ഥാനമായി ഇത്തരം ഭാഗങ്ങള്‍ എടുക്കുവാന്‍ സാധിക്കില്ല. മുഴുവന്‍ തിരുവെഴുത്തുകളെയും കുറിച്ച് പൊതുവില്‍ പ്രതിപാദിക്കുന്ന വ്യക്തമായ വാക്യങ്ങളില്‍ നിന്ന് വേണം മുഴുവന്‍ തിരുവെഴുത്തുകളെയും കുറിച്ചുള്ള പൊതുവിലുള്ള ഉപദേശം സ്ഥാപിക്കുവാന്‍. ആ ഉപദേശങ്ങളെ പിന്തുണയ്ക്കുന്ന ഒരു വാദമായി പുതിയ നിയമത്തില്‍ പഴയ നിയമ പുസ്തകങ്ങളെ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന വിഷയം പരിഗണിക്കാവുന്നതാണ്.

ബൈബിളില്‍ സാത്താന്‍ പറഞ്ഞതു (ഇയ്യോബ് 1:9-11) മുതല്‍ അപ്പോസ്തലന്റെ ‘കല്പനയല്ലാത്ത’ അഭിപ്രായം (1 കൊരിന്ത്യര്‍ 8, 10) വരെ ഉണ്ട്. ബൈബിള്‍ ദൈവവചനമാണ്‌ എന്ന് പറയുമ്പോള്‍ ഇതെല്ലാം ദൈവം സംസാരിച്ചതാണ് എന്നല്ലല്ലോ ക്രിസ്തീയ ദൈവവിജ്ഞാനീയത്തില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൈവം തിരുവെഴുത്തിലൂടെ നമ്മോട് സംസാരിക്കുന്ന സന്ദേശം വ്യക്തമാക്കുന്നതില്‍ ഈ വാക്യങ്ങള്‍ക്കും പങ്കുണ്ട്. ആ അര്‍ത്ഥത്തില്‍ അവയെല്ലാം ദൈവവചനത്തിന്റെ ഭാഗം തന്നെയാണ് എന്ന് നമ്മുക്ക് പറയുവാന്‍ കഴിയും. ഇത്തരമൊരു നിഗമനത്തിലേക്ക് നമ്മെ എത്തിക്കുന്നത് തിരുവെഴുത്തുകളെക്കുറിച്ചുള്ള നമ്മുടെ വിശ്വാസമാണ്. ഈ വിഷയത്തില്‍ ഒരു ഉപദേശം സ്ഥാപിക്കുമ്പോള്‍ നമ്മള്‍ രണ്ടു കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് പൊതുവില്‍ തിരുവെഴുത്തുകളെക്കുറിച്ച് തിരുവെഴുത്തുകള്‍ അവകാശപ്പെടുന്നതെന്താണ്? രണ്ടാമത്തേത് തിരുവെഴുത്തുകളെ അവ ആയിരിക്കുന്ന നിലയില്‍ പരിശോധികുമ്പോള്‍ അവയുടെ ആധികാരികതയെ സംബന്ധിച്ച് അവയില്‍ നിന്ന് എന്താണ് ദൃശ്യമാകുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും ലഭിക്കുന്ന മറുപടികളുടെ ഒരു ദൈവശാസ്ത്ര സംശ്ലേഷണത്തിലൂടെ മാത്രമേ തിരുവെഴുത്തുകളുടെ അബദ്ധരാഹിത്യം എന്ന ഉപദേശം നമ്മുക്ക് സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ്‌ അടുത്ത ഭാഗങ്ങളില്‍ നമ്മള്‍ പരിശോധിക്കുവാന്‍ പോകുന്നത്.

1 comments On തിരുവെഴുത്തുകളുടെ അബദ്ധരാഹിത്യം – പ്രസിദ്ധമായ ചില വാദങ്ങള്‍

Leave a reply:

Your email address will not be published.

Sliding Sidebar