തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ സാർവത്രിക പുനഃസ്ഥാപനം പ്രത്യാശിക്കാമോ?

സാർവത്രിക പുനഃസ്ഥാപനമെന്നത്‌, ആദിമ നൂറ്റാണ്ടുകളിൽ ക്രിസ്തീയ ലോകത്ത് വ്യാപകമായിരുന്നു ഒരു വിശ്വാസമായിരുന്നു. ഓർത്തഡോക്സ് സഭകളിലെ ഒരു ന്യൂന പക്ഷം ദൈവശാസ്ത്രജ്ഞന്മാർക്കിടയിലാണെങ്കിലും കൃത്യമായ ഒരു ചരിത്രപരമായ പിന്തുടർച്ചയുള്ള ഒരു വിശ്വാസമാണിത്. പൂർണ്ണമായും ബൈബിൾ അടിസ്ഥാനപ്പെടുത്തി ഇത്തരമൊരു പ്രത്യാശയെ വിശദീകരിക്കുവാൻ ശ്രമിച്ചാൽ പരമ്പരാഗത പെന്തക്കോസ്ത് വീക്ഷണങ്ങളുമായി അതിന് എത്രത്തോളം പൊരുത്തമുണ്ടാകുമെന്ന ഒരു താരതമ്യമാണ് ഈ പോസ്റ്റിൽ ഞാൻ വ്യക്തമാക്കുവാൻ ശ്രമിക്കുന്നത്. പെന്തക്കോസ്ത് വീക്ഷണങ്ങളോട് പരമാവധി ചേർന്ന് നിൽക്കുന്ന നിലയിൽ ഇതിന്റെ അടിസ്ഥാനങ്ങളെ വിശദീകരിച്ചാൽ എങ്ങനെയായിരിക്കുമെന്ന എന്റെ ധാരണയാണ് താഴെകൊടുത്തിരിക്കുന്നത്. ഇതിന്റെ സാധുത എത്രത്തോളമുണ്ടെന്നത് വിമര്ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ്. അതിനാൽ ഇത് എന്റെ അന്തിമ ഔദ്യോഗിക നിലപാട് എന്ന നിലയിലല്ല അവതരിപ്പിക്കുന്നതെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു:

 1. പുതിയ യെരുശലേമില്‍ ലഭിക്കുന്ന പ്രതിഫലങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നില്ലെങ്കിലും യേശുവിനെ കര്‍ത്താവായി സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ തന്നെ നിത്യജീവനുണ്ട്.
  1. യോഹന്നാൻ 5:13 13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
  2. യോഹന്നാൻ 5: 24 ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
  3. കൊലൊസ്സ്യർ 2: 12; 3:1,3 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു… ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു… നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
  4. റോമർ 8:1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കും ഒരു ശിക്ഷാവിധിയും ഇല്ല.
 2. നിത്യനരകത്തിലെ പീഡകള്‍ ഇപ്പോള്‍ അനുഭവിക്കുന്നില്ലെങ്കിലും യേശുവിനെ അറിയാത്തവരും യേശുവിനെ തള്ളിക്കളഞ്ഞവരും ഇപ്പോള്‍ തന്നെ നിത്യശിക്ഷാവിധിക്കകത്താണ്.
  1. യോഹന്നാൻ 3: 19 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
  2. യോഹന്നാൻ 3:36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.
  3. 2 പത്രോസ് 2:9 പരിശോധനകളിൽനിന്നു ഭക്തരെ എങ്ങനെ വിടുവിക്കണമെന്നും നീതികെട്ടവരെ എങ്ങനെ വിധിദിനംവരെ ശിക്ഷിച്ചുകൊണ്ട് സൂക്ഷിക്കണമെന്നും കർത്താവിനറിയാം; (then the Lord knows how to rescue the godly from trials, and to keep the unrighteous under punishment until the day of judgment – ESV – ഇതാണ് ശരിയായ വിവര്‍ത്തനം – ഇവിടെ പരിശോധനകളില്‍ നിന്ന് വിടുവിക്കപ്പെടുന്നര്‍ ജീവിചിരിക്കുന്നവരാകയാല്‍ ഇവിടെ പറയുന്ന അനീതികെട്ടവരും ജീവിച്ചിരിക്കുന്നവരാണ്‌. ഇത് ഈ അധ്യായത്തിലെ മറ്റ് വേദഭാഗങ്ങളില്‍ നിന്നും വ്യക്തമാണ്)
  4. റോമർ 5: 16 18 അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
  5. അന്ത്യന്യായവിധിക്കു മുന്‍പേ തന്നെ യാതന അനുഭവിക്കുന്നു – ലൂക്കൊസ് 16: 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
  6. നിത്യശിക്ഷയില്‍ ഒരുവന്‍ ആകുന്നത് മരണത്തിനു ശേഷമല്ല ഇപ്പോള്‍ നിലവിലുള്ള ഒരു അവസ്ഥയുടെ തുടര്‍ച്ചയണത്.
 3. ഭൂമിയില്‍ വെച്ച് പ്രാപിച്ച നിത്യജീവന്റെയും നിത്യശിക്ഷാവിധിയുടെയും അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം മാത്രമാണ് വെള്ള സിംഹാസനത്തിന് മുന്‍പിലെ ന്യായവിധിയില്‍ നടക്കുന്നത്.
  1. ലൂക്കൊസ് 10: 20 എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ
  2. ഫിലിപ്പിയർ 4: 3 ജീവപുസ്തകത്തിൽ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
  3. വെളിപ്പാട് 3: 5 ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.
  4. വെളിപ്പാട് 20: 15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
 4. നിത്യജീവന്‍ ദാതാവായ ദൈവത്തിന്റെ ഭാഗത്ത് നിന്ന് അവസാനമില്ലാത്ത നിലയില്‍ (നിത്യമായി) നല്‍കിയതാണെങ്കിലും യേശുവിനെ കര്‍ത്താവായി സ്വീകരിച്ചവര്‍ക്ക് യേശുവിനെ തള്ളിക്കളഞ്ഞ് നിത്യജീവന്‍ നഷ്ടപ്പെടുത്തി ശിക്ഷാവിധിയില്‍ അകപ്പെടാം.
  1. എബ്രായർ 10:26-30 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
  2. റോമർ 11: 20-22 ശരി; അവിശ്വാസത്താൽ അവ ഒടിച്ചുപോയി; വിശ്വാസത്താൽ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
  3. കൊലൊസ്സ്യർ 1:21-23 മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നിലക്കും.
  4. തിമൊഥെയൊസ് 2: 12 നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
 5. നിത്യശിക്ഷ ദാതാവായ ദൈവത്തിന്റെ ഭാഗത്ത് നിന്ന് അവസാനമില്ലാത്ത നിലയില്‍ (നിത്യമായി) നല്‍കിയതാണെങ്കിലും യേശുവിനെ അറിയാത്തവര്‍ക്ക് യേശുവിനെ സ്വീകരിച്ച് നിത്യശിക്ഷയില്‍ നിന്ന് പുറത്തുകടന്ന്‍ നിത്യജീവന്‍ പ്രാപിക്കാം.
  1. റോമർ 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷപ്പെടും. (റോമർ 5: 16 മുന്‍പേ ശിക്ഷാവിധി പ്രാപിച്ചവരാണ് ഇങ്ങനെ രക്ഷിക്കപ്പെടുന്നത്).
  2. യോഹന്നാൻ 5: 24 ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
  3. യാക്കോബ് 5:19-20 സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
  4. യൂദാ 1:5, 7, 23 നിങ്ങൾ ഒരിക്കൽ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്,… അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു… ചിലരെ അഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ  മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.
  5. മത്തായി 4: 15 ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവൎക്കു പ്രകാശം ഉദിച്ചു
 6. മരിച്ചു കഴിഞ്ഞാല്‍ പിന്നെയുള്ളത് ന്യായവിധിയാണ് അതിനിടയില്‍ ഒരു മാറ്റവും സംഭവിക്കുകയില്ല.
  1. എബ്രായർ 9: 27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കും നിയമിച്ചിരിക്കയാൽ
  2. ലൂക്കൊസ് 16:26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാൻ ഇച്ഛിക്കുന്നവർക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
  3. ലൂക്കൊസ് 23: 43 യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  4. എഫെസ്യർ 4:8-9 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
  5. ഫിലിപ്പിയർ 1: 23 ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
  6. കൊരിന്ത്യർ 5:6-8 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈർയ്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു. കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു. ഇങ്ങനെ ഞങ്ങൾ ധൈർയ്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
  7. തെസ്സലൊനീക്യർ 4: 14 യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
 7. നിത്യജീവന്‍ പ്രാപിച്ചവര്‍ പുതിയ യെരുശലേമിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തെഴുന്നേറ്റ ശരീരത്തില്‍ തേജസ്ക്കരിക്കപ്പെട്ട് യേശുവിനെപ്പോലെയായി വിശുദ്ധീകരണത്തിന്റെ ലക്ഷ്യമായ ദൈവസ്വഭാവത്തിന് കൂട്ടാളികളാവുകയെന്ന കാര്യം പൂര്‍ത്തീകരിച്ചവരാണ്. പുതിയ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിലെത്തിയവരാണ് അവരെന്നതിനാല്‍ ദൈവം അവരെ ദൈവത്തിന്റെ വഴികളില്‍ നടക്കുമാറാക്കുവാന്‍ വേണ്ടി നല്‍കിയ പുതിയ ഹൃദയത്തിനും അവരിലുള്ള ദൈവസ്വഭാവത്തിനും വിരുദ്ധമായി ഭൂമിയിലേത് പോലെ അവരുടെ സ്വാതന്ത്ര്യം അവര്‍ ദൈവത്തിനെതിരെ ഉപയോഗിച്ച് യേശുവിന്റെ കര്‍ത്തൃത്വം തള്ളിക്കളയുകയില്ല. ഭൂമിയില്‍ വെച്ച് ഈ രൂപാന്തരം ഒരു പ്രക്രിയയായി സംഭവിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ, പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. അതിനാലാണ് ഈ രൂപാന്തര പ്രക്രിയയ്ക്ക് തങ്ങളെത്തന്നെ സമര്‍പ്പിക്കാതെ മാനസാന്തരമില്ലാതെ നിരന്തര പാപജീവിതം നയിക്കുന്നവര്‍ യേശുവിനെ തള്ളിക്കളഞ്ഞ് രക്ഷ നഷ്ടപ്പെടുത്തുവാന്‍ സാധ്യതയുള്ളത്. എന്നാല്‍ പുതിയ യെരുശലേമിലേക്ക് പ്രവേശിച്ചവര്‍ ദൈവിക ജീവനില്‍ പങ്കാളികളായി സമ്പൂര്‍ണ്ണ രൂപാന്തരപ്പെട്ടപ്പോള്‍ അവര്‍ക്ക് ലഭിച്ച സ്വഭാവത്തിന് വിരുദ്ധമായി അവരുടെ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുകയില്ല.
  1. യെഹെസ്കേൽ 36: 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
  2. യിരെമ്യാവ്‌ 32: 40 ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.
  3. റോമർ 8:29-30 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
  4. എഫെസ്യർ 4: 24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവത്തിന് അനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
  5. പത്രൊസ് 1:4 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദൈവസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
  6. കൊരിന്ത്യർ 3:18 എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
  7. കൊരിന്ത്യർ 13: 12 ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,
  8. യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
 8. നിത്യശിക്ഷ പ്രാപിച്ചവര്‍ നിത്യനരകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശുദ്ധന്മാരെ യേശുവിനെപ്പോലെയാക്കിയതിന്റെ എതിര്‍ ദിശയില്‍ ദൈവവിരുദ്ധമായി മാനസാന്തരപ്പെടുവാന്‍ കഴിയാത്ത നിലയിലുള്ള അധമ നിലയിലേക്കുള്ള ഒരു രൂപാന്തരം ദൈവം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയില്ല. കാരണം ദൈവം സകല മനുഷ്യരും രക്ഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയല്ലായെങ്കില്‍ ദൈവം വെറും വ്യാജനും സ്വന്തം താല്‍പര്യങ്ങളില്‍ തന്നെ സ്ഥിരതയില്ലാത്തവനും സകലരെയും സ്നേഹിക്കുവാന്‍ കഴിയാത്ത അപൂര്‍ണ്ണനുമാണെന്ന് വരും. എന്നാല്‍ ദൈവം അങ്ങനെയല്ല:
  1. മത്തായി 5: 44-48 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” (മറ്റേതെല്ലാം വിധത്തിലെ സ്നേഹിച്ചാലും ഏറ്റവും പ്രധാനപ്പെട്ട ആത്മാവിന്റെ രക്ഷയുടെ വിഷയത്തില്‍ ദൈവം സ്നേഹത്തോടെ മനുഷ്യനോട് നിത്യമായി ഇടപെടുന്നില്ലെങ്കില്‍ പിന്നെ ദൈവം സ്നേഹമാണെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം? – മത്തായി 16: 26 ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം?)
  2. യെഹെസ്കേൽ 18: 23 ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  3. യോഹന്നാൻ 3: 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
  4. തിമൊഥെയൊസ് 2: 4 അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
  5. തിമൊഥെയൊസ് 4: 10 അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
  6. തീത്തൊസ് 2: 11 സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;
  7. പത്രൊസ് 3: 9 ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
 9. നിത്യജീവന്‍ പ്രാപിച്ചവര്‍ക്ക് നിത്യശിക്ഷയിലേക്ക് പോകുവാനും നിത്യശിക്ഷയ്ക്ക് അധീനരായിരുന്നവര്‍ക്ക് നിത്യജീവനിലേക്ക് കടക്കുവാനുമുള്ള ഭൂമിയില്‍വെച്ചുണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ ഉപയോഗ സാധ്യത നിത്യജീവന്‍ പ്രാപിച്ചവരുടെ കാര്യത്തില്‍ ആയിരമാണ്ട് വാഴ്ചയ്ക്ക് മുന്‍പുള്ള ഉയര്‍ത്തെഴുന്നേല്പോടെയും രൂപാന്തരത്തോടെയും അവസാനിച്ചുവെങ്കിലും നിത്യശിക്ഷ പ്രാപിച്ചവരുടെ കാര്യത്തില്‍ എതിര്‍ ദിശയിലൊരു രൂപാന്തരമുണ്ടാകാത്തതിനാല്‍ അവസാനിക്കുകയില്ലായെന്ന സൂചനയാണ് ബൈബിള്‍ നല്‍കുന്നത്. അവര്‍ക്ക് യേശുവില്‍ വിശ്വസിച്ച് യേശുവിനെ കര്‍ത്താവായി ഏറ്റു പറഞ്ഞ് പുതിയ യെരുശലേമിലേക്കും നിത്യജീവനിലേക്കും കടക്കുവാന്‍ സാധിക്കുമെന്ന്‍ പ്രത്യാശിക്കാവുന്നതാണ്. നിശ്ചയമായും ഇത് വെള്ള സിംഹാസന ന്യായവിധിയുടെ പിറ്റേദിവസം നടക്കുമെന്ന്‍ കരുതേണ്ടതില്ല. പ്രവര്‍ത്തികള്‍ക്കടുത്ത ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരും. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളും അവരുടെ പേര് ജീവപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് ലഭിച്ച നിത്യജീവനും രണ്ടായി കാണുന്നത് പോലെ തന്നെ ജീവപുസ്തകത്തില്‍ പേരെഴുതി കാണാത്തതിനാല്‍ അവിശ്വാസികള്‍ തീപ്പൊയ്കയിലേക്ക് തള്ളിയിടപ്പെടുന്നതും അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന ന്യായവിധിയും രണ്ടായി കാണണം. ദൈവം പ്രവര്‍ത്തികള്‍ നോക്കി വിധിക്കുന്ന ന്യായവിധി ഉടനെ തന്നെ നിഷ്പ്രഭമാകുമെങ്കില്‍ ദൈവിക ന്യായവിധിക്ക് പ്രസക്തിയില്ലാതെയാകുമല്ലോ. ഭൂമിയില്‍ വെച്ച് വിശ്വാസികള്‍ക്ക് അവര്‍ ലോകത്തോടു കൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിന് കര്‍ത്താവ് ബാലശിക്ഷ നകുന്നുവെങ്കില്‍  ക്രിസ്തുവില്‍ നീതിമാന്മാരായവര്‍ പോലും പ്രയാസേനെ തീയില്‍ക്കൂടിയെന്ന പോലെയാണ് രക്ഷ പ്രാപിക്കുന്നതെങ്കില്‍ അഭക്തന്റെയും പാപിയുടെയും ഗതി എന്താകുമെന്ന്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ. എങ്കിലും ദൈവത്തിന്റെ അനാദി നിര്‍ണ്ണയപ്രകാരം ഒടുക്കത്തെ ശത്രുവായി മരണം നീങ്ങിപ്പോവുകയും സകലരും ക്രിസ്തുവില്‍ ജീവിപ്പിക്കപ്പെടുകയും സകലരും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. ദൈവം തന്റെ പദ്ധതിയില്‍ നിന്ന് ഒരിക്കലും വിരമിക്കുകയില്ല.
  1. യോഹന്നാൻ 3:35-36; 6;37, 39-40; 12:32; 17:1-2 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നൽകിയിരിക്കുന്നുവല്ലോ.
  2. റോമർ 5:17-19 ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
  3. റോമർ 11:25-26 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
  4. കൊരിന്ത്യർ 15: 22-29 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും. അല്ല, മരിച്ചവർക്കും വേണ്ടി സ്നാനം ഏലക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുംന്നില്ലെങ്കിൽ അവർക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?
  5. എബ്രായർ 2: 9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
  6. കൊരിന്ത്യർ 5: 14, 19 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും… ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു.
  7. തിമൊഥെയൊസ് 2: 3-6 അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ : എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
  8. എഫെസ്യർ 1:9-10 അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
  9. യോഹന്നാൻ 4: 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
  10. ഫിലിപ്പിയർ 2: 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയു1 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
  11. ലൂക്കൊസ് 16: 16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.
  12. വെളിപ്പാട് 21: 25-27; 22: 14-17 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവ പുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല… ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
 10. സകലരും രക്ഷ പ്രാപിക്കുവാന്‍ സാധ്യതയില്ലായെന്ന്‍ ചിന്തിപ്പിക്കുന്ന വേദഭാഗങ്ങളും ബൈബിളിലുണ്ട് എന്നാല്‍ മുകളില്‍ വിവരിച്ചിരിക്കുന്ന വീക്ഷണത്തിന് ആ വാക്യങ്ങളൊന്നും എതിരല്ല.
  1. പരിശുദ്ധാത്മാവിനെതിരായ ദൂഷണം
   1. മര്‍ക്കൊസ് 3:28-29 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും.
   2. ലൂക്കൊസ് 12:10 മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
 • മത്തായി 12:31-32 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
  1. സമവീക്ഷണ സുവിശേഷങ്ങളില്‍ പൊതുവില്‍ പാപക്ഷമയെന്നത് യേശുവിന്റെ യാഗമരണത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഒന്നായല്ല ചിത്രീകരിച്ചിരിക്കുന്നത് സ്വാഭാവികമായും അത് സംഭവിച്ചു കഴിയുന്നതിന് മുന്‍പുള്ള കാലത്താണ് യേശു പ്രസംഗിക്കുന്നതെന്നതിനാല്‍ അതിനെക്കുറിച്ച് യേശുവിന് പ്രസംഗിക്കുവാന്‍ സാധിക്കുമായിരുന്നില്ല. സമ വീക്ഷണ സുവിശേഷങ്ങളില്‍ കാണുന്നതനുസരിച്ച് രണ്ടു രീതിയില്‍ പാപം ക്ഷമിക്കപ്പെടാം. ഒന്ന് മറ്റുളവരോട് ക്ഷമിച്ചവര്‍ ദൈവത്തോട് യാചിക്കുമ്പോള്‍ പാപം ക്ഷമിക്കപ്പെടാം (മത്തായി 6:12) അല്ലായെങ്കില്‍ ആരും പാപ ക്ഷമ ചോദിക്കാതെ യേശുവിന് ഏക പക്ഷീയമായി പാപം ക്ഷമിക്കാം (മത്തായി 9:2, ലൂക്കൊസ് 23:34). യേശുവിന്റെ യാഗമരണത്തിനു ശേഷം വ്യക്തിപരമായി പാപം ഏറ്റുപറയുന്നതിലൂടെയും (1. യോഹന്നാൻ 1:9) യേശുവിന്റെ മധ്യസ്ഥതയിലൂടെയും (1. യോഹന്നാൻ 2:1-2) മറ്റുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയിലൂടെയും (1. യോഹന്നാൻ 5:14-16). പരിശുദ്ധാത്മാവിനെതിരായ ദൂഷണത്തിന്റെ കാര്യത്തില്‍ ആ പാപം ചെയ്തവന് യേശുവിന്റെ മധ്യസ്ഥതയും മറ്റുള്ളവരുടെ പ്രാര്‍ത്ഥനയും മുഖാന്തിരമുള്ള പാപ ക്ഷമ മാത്രമാണോ നിഷേധിക്കുന്നത് അതോ ആ വ്യക്തി മാനസാന്തരപ്പെട്ട് വന്നാലും ക്ഷമിക്കുകയില്ലായെന്നാണോ പറയുന്നത് എന്ന് പ്രത്യക്ഷത്തില്‍ വ്യക്തമല്ല. എന്നാല്‍ രണ്ട് കാര്യങ്ങള്‍ വളരെ വ്യക്തമാണ് ഒന്ന് ആത്യന്തികമായി സകല മനുഷ്യരുടെയും മനുഷ്യരുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടും. ഈ ഭൂമിയിലെ ജീവിതത്തില്‍ മാത്രമല്ല വരുവാനുള്ള യുഗത്തിലും ദൈവം പാപങ്ങള്‍ ക്ഷമിക്കും. ഒരു പക്ഷെ നരകത്തില്‍ നിത്യശിക്ഷ അനുഭവിക്കുന്നവരുടെ പാപങ്ങള്‍ ദൈവം ക്ഷമിച്ച് അവരുടെ പ്രവര്‍ത്തികള്‍ക്കടുത്ത ന്യായവിധിയില്‍ ദൈവം ഇളവ് നല്‍കുന്നതിനെക്കുറിച്ചായിരിക്കാം ഇത് പറയുന്നത്. ക്ഷമ ആവശ്യമുള്ളവര്‍ പാപ ക്ഷമ ചോദിക്കുന്നതിനെക്കുറിച്ച് ഇവിടെ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഏക പക്ഷീയമായി ദൈവം ക്ഷമിക്കില്ലായെന്നാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. യേശുവിലൂടെ നടക്കുന്ന അത്ഭുതങ്ങള്‍ വ്യക്തമായി നേരില്‍ കണ്ടിട്ടും തങ്ങള്‍ തന്നെ ദൈവത്തില്‍ നിന്നുള്ള അത്ഭുതങ്ങള്‍ വിശ്വസിക്കുന്നവരായിട്ടും അതിനെ മനപൂര്‍വ്വം ദുരാത്മാവ്‌ ചെയ്യുന്നതാണെന്ന് പരസ്യമായി മറ്റുള്ളവരുടെ മുന്‍പില്‍ ആരോപിച്ച് ദൈവരാജ്യ വ്യാപനത്തെ തടുക്കുന്നതാണ് പരിശുദ്ധാത്മാവിനെതിരായ പാപമെന്ന് പ്രസ്തുത വേദഭാഗങ്ങളില്‍ നിന്ന് വ്യക്തമാണ്. സ്വാഭാവികമായും ഇത്തരക്കാര്‍ സാധാരണ നിലയില്‍ മാനസാന്തരപ്പെടുവാന്‍ സാധ്യതയില്ല എന്നാല്‍ തന്റെ മരണാനന്തരം താന്‍ സകലരെയും തന്നിലേക്ക് ആകര്‍ഷിക്കുമെന്നുള്ള യേശുവിന്റെ പ്രഖ്യാപനത്തില്‍ നിന്ന് ഇവര്‍ക്കും ഒഴിവുണ്ടാകുമെന്ന് ചിന്തിക്കുവാന്‍ സാധിക്കില്ല. ന്യായമായും യേശുവിന്റെ ജീവകാലത്ത് യേശുവിനെ എതിര്‍ത്തവരുടെ പാപവും അവരുടെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ അത് ആ പാപത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല മനുഷ്യപുത്രനെ ക്രൂശീകരണത്തിന്റെ ഭാഗമായി ദുഷിച്ചവര്‍ക്ക് അവര്‍ യാചിക്കാതെ തന്നെ പാപക്ഷമ ലഭിച്ചു. എന്നാല്‍ ഇവര്‍ക്ക് അത്തരമൊരു പാപക്ഷമ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ലഭിക്കുകയില്ല. ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ലാത്ത പപമെന്ന അര്‍ത്ഥത്തില്‍ നിത്യ പാപമാണ് ഇവര്‍ ചെയ്തത് എന്നതിനാല്‍ അതിനുള്ള ശിക്ഷ അവര്‍ ഉറപ്പായും അനുഭവിക്കേണ്ടി വരും. ആ ശിക്ഷ അനുഭവിച്ചത്തിനുശേഷം മാത്രമേ അവര്‍ പുതിയ യെരുശലേമിലേക്ക് കടക്കുവാനുള്ള സാധ്യതയുള്ളൂ. ഇതൊരു നിത്യപാപമാല്ലായിരുന്നുവെങ്കില്‍ പാപ ക്ഷമ ലഭിച്ച് ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒഴിവ് ലഭിക്കുവാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. ഈ പ്രശ്നം ഒഴിച്ചു നിര്‍ത്തിയാല്‍ സാര്‍വത്രികമായ ഒരു പാപക്ഷയുണ്ടാകുമെന്ന് നേരിട്ട് ഉറപ്പു നല്‍കുന്ന ഒരു വേദഭാഗമാണിത് (സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും).
 1. മരണകരമായ പാപം
  1. 1. യോഹന്നാൻ 5: 14-21 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈൎയ്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവൎക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സൎവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.
   1. സത്യദൈവമായ യേശുവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധന നടത്തുന്നതിനെതിരായി യോഹന്നാന്‍ പ്രബോധിപ്പിക്കുന്ന ഒരു വേദഭാഗമാണിത്. വിഗ്രഹാരാധനയെ മരണകരമായ പാപമായാണ് യോഹന്നാന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരുവന്‍ വിഗ്രഹാരാധന ചെയ്യുന്നത് വിശ്വാസികള്‍ ആരെങ്കിലും കണ്ടാൽ അവര്‍ ആ വ്യക്തിക്ക് വേണ്ടി അപേക്ഷിക്കുന്നതില്‍ കാര്യമില്ല. മറ്റുള്ള പാപങ്ങളുടെ കാര്യത്തില്‍ വിശാസികളായ സഹോദങ്ങള്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ അപേക്ഷ കേള്‍ക്കയും അവര്‍ക്ക് ജീവനെക്കൊടുക്കുകയും ചെയ്യും. എന്നാല്‍ വിഗ്രഹാരാധനയെന്ന പാപത്തില്‍ ആ വ്യക്തി സത്യദൈവത്തെ തന്നെ ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ അത് മരണത്തിലേക്ക് നയിക്കുന്ന പാപമാണ്. ഈ പാപം മറ്റുള്ളവരുടെ പ്രാര്‍ത്ഥന കൊണ്ട് ക്ഷമിക്കപ്പെടുകയില്ല. അതിന് ആ വ്യക്തി തന്നെ മനം തിരിഞ്ഞു വരേണ്ടി വരും. ഈ ഭൂമിയില്‍ വെച്ച് മടങ്ങി വരാത്തവര്‍ക്ക് നിശ്ചയമായും കര്‍ത്താവ് നിത്യമായ തീകൊണ്ട് ഉപ്പിട്ട് അവരെ യേശുവിനെ ഏറ്റു പറയുന്നവരാക്കി മാറ്റുന്നതിനുള്ള സാധ്യത സൃഷ്ടിക്കും. ഭൂമിയില്‍ വെച്ച് മടങ്ങി വന്നാല്‍ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. മുകളില്‍ പറഞ്ഞത് പോലെ തന്നെ ഭൂമിയില്‍ വെച്ച് മടങ്ങി വരാത്തവര്‍ തങ്ങള്‍ ചെയ്ത ഈ പ്രവര്‍ത്തിക്കുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും.
  2. പാപജീവിതവുമായി ബന്ധപെട്ട പിന്മാറ്റം
   1. എബ്രായർ 6: 4-6 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
    1. ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നതും ലോകാപവാദം വരുത്തുന്നതും തുടര്‍മാനമായ കാര്യങ്ങളായാണ് ഇവിടെ എഴുതിയിരിക്കുന്നത്. നിശ്ചയമായും യേശുവിനെ പരസ്യമായി തള്ളിക്കളഞ്ഞ് പിന്മാറിപ്പോകുന്ന ഒരു കാര്യമാണ് ഇവിടെ എഴുതിയിരിക്കുന്നത്. ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതില്‍ നിന്നും ലോകാപവാദം എന്ന പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍മാനമായ കടുത്ത അപമാനകരമായ പാപങ്ങളായിരിക്കാം ഇവരെ പിന്മാറ്റത്തിലേക്ക് നയിച്ചത് എന്ന് ചിന്തിക്കാം. തെറ്റു ചെയ്തവരെ മടക്കി വരുത്തേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് പുതിയ നിയമം പറയുന്നുണ്ട് പക്ഷെ പാപ ജീവിതം നയിച്ച് പിന്മാറിപ്പോകുന്നവരുടെ കാര്യത്തില്‍ അത് സാധ്യമാകില്ല. ആ നിലപാടില്‍ തുടരുന്നവരെ മറ്റുള്ളവര്‍ക്ക് മാനസാന്തരത്തിലേക്ക് പുതുക്കുവാന്‍ കഴിയില്ല. അത്തരം ശ്രമങ്ങള്‍ വിഫലമാകും. അവര്‍ സ്വയമായി മനം തിരിഞ്ഞുവന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ന്യായമായും നമ്മുക്ക് വിശ്വസിക്കാം. ഇത്തരക്കാരെ പുറത്താക്കി ഒരു പക്ഷെ കൊരിന്ത്യ സഭയില്‍ അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരുന്നവന്റെ കാര്യത്തിലെന്ന പോലെ ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കുന്നതായിരിക്കും അവരെ മാനസാന്തരത്തിലേക്ക് പുതുക്കുവാന്‍ ശ്രമിക്കുന്നതിലും നല്ലത് (1. കൊരിന്ത്യർ 5:5). നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു വിശ്വാസക്കപ്പൽ തകർന്നുപോയ ഹുമനയൊസിന്റെയും അലെക്സന്തരിന്റെയും കാര്യത്തിലും പൗലോസ് ഈ നിലപാടാണ് സ്വീകരിച്ചത് (1. തിമൊഥെയൊസ് 1:19-20). കൊരിന്ത്യ സഭയിലെ ഉദാഹരണം വെച്ച് നോക്കിയാല്‍ സഭയ്ക്ക് ഇവരെ മാനസാന്തരത്തിലേക്ക് പുതുക്കുവാന്‍ കഴിയില്ലായെങ്കിലും സാത്താന്റെ ജഡസംഹാരത്തിലൂടെ ലോകത്തോട് കൂടിയുള്ള ശിക്ഷാവിധിയില്‍ അകപ്പെടാതെ കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടുവാനാണ് സാധ്യത. അതല്ലായെങ്കില്‍ അവരും നിത്യ നരകത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ക്ക്കുള്ള ശിക്ഷ അനുഭവിച്ചതിന് ശേഷമുള്ള മോചനം മാത്രമേ അവര്‍ക്ക് ലഭികുകയുള്ളൂ. കര്‍ത്താവ് ഒരു ഉപമയില്‍ പറഞ്ഞത് പോലെ “ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല” (മത്തായി 5: 26).
   2. എബ്രായർ 12: 15 ആരും ദൈവകൃപ വിട്ടുപിൻ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
    1. ഇരുപത്തിയെട്ടാം വാക്യത്തില്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഏശാവിനെപ്പോലെ താല്‍ക്കാലികമായ എന്തിനെങ്കിലും വേണ്ടി ഈ ദൈവിക വാഗ്ദത്തത്തെ ഉപേക്ഷിച്ച് പോകുന്നവരെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇങ്ങനെ പിന്മാറിപ്പോയവര്‍ കരഞ്ഞ് അപേക്ഷിച്ചാലും അവര്‍ക്ക് നഷ്ടപ്പെട്ടത് ഒരിക്കലും ലഭിക്കുകയില്ല. ഇളകാത്ത രാജ്യം പ്രാപിക്കുക എന്നത് വളരെ ശക്തമായ ഒരു പ്രയോഗമാണ്. കേവലം ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലേമില്‍ (എബ്രായർ 12: 22) കടന്നു കൂടുന്നതിനെക്കുറിച്ചല്ല അവനോട് കൂടെ സഹിക്കുന്നുവെങ്കില്‍ സഹിക്കുന്നു എങ്കിൽ കൂടെ വാഴും (2. തിമൊഥെയൊസ് 2:11) എന്ന അധികാരത്തിന്റെ അനുഭവത്തെയാണ് കാണിക്കുന്നത്. ഏശാവിന്റെ ഉദാഹരണത്തിലും പ്രത്യേക അനുഗ്രഹമായ ജ്യേഷ്ഠാവകാശമെന്ന അനുഗ്രഹത്തിലാണ് എബ്രായ ലേഖകന്‍ ഊന്നല്‍ നല്‍കുന്നത്. ഇസഹാക്ക് എശാവിന് നല്‍കുന്ന മറുപടികളിലും അധികാരമെന്ന ആശയം വളരെ വ്യക്തമാണ് “ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി” “നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും”. യഥാര്‍ത്ഥത്തില്‍ ഏശാവ് കണ്ണീരോടെ ചോദിക്കുന്നത് രണ്ടാമത്തെ ഒരു അനുഗ്രഹത്തിനാണ് അല്ലാതെ തനിക്ക് കൈവിട്ടുപോയ യാക്കോബിന് ലഭിച്ച അനുഗ്രഹത്തിനു വേണ്ടിയല്ല (ഉല്പത്തി 27:38 ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.). എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി അധികാരവുമായി ബന്ധപ്പെട്ട പ്രത്യേകമായ അനുഗ്രഹം നഷ്ടപ്പെട്ടതിലാണ് എബ്രായ ലേഖകന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത് കൂടുതല്‍ വ്യക്തമാക്കുന്ന മാറ്റൊരു പരാമര്‍ശം ഈ പുസ്തകത്തിന്റെ പതിനൊന്നാം അധ്യായത്തിലുണ്ട്. അവിടെ എബ്രായ ലേഖകന്‍ പറയുന്നത് “വിശ്വാസത്താൽ യിസ്ഹാൿ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു” (എബ്രായർ 11: 20). ഏശാവിന് ഒരു അനുഗ്രഹവും ലഭിച്ചില്ലായെന്നല്ല എബ്രായ ലേഖകന്‍ ഉദ്ദേശിക്കുന്നതെന്ന്‍ ഇത് വായിച്ച് കേള്‍ക്കുന്ന സഭയ്ക്ക് എളുപ്പം മനസ്സിലാകും. എന്നാല്‍ ഒരു രാജാവ് രാജ്യം പ്രാപിക്കുന്നത് പോലെ അധികാരവുമായി ബന്ധപ്പെട്ട അനുഗ്രഹമാണ് ഏശാവിന് ഒരിക്കലും തിരികെ ലഭിക്കാതിരുന്നത്. ഇതേ രീതിയില്‍ തന്നെ ഈ ഭൂമിയില്‍ വെച്ച് നാം ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് നാം പുതിയ യെരുശലേമിലേക്ക് കടക്കുമ്പോള്‍ പ്രതിഫലം പ്രാപിക്കുന്നത് (ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു – 2. കൊരിന്ത്യർ 5:10). അതിനാല്‍ അത് ഏശാവിനെപ്പോലെ അനുഗ്രഹം തള്ളിക്കളയാതെ സഭയുടെ ഭാഗമായി നില്‍ക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ജീവവൃക്ഷത്തിന്റെ ഫലം (വെളിപ്പാടു 2:7, 22:14) ഒരുപക്ഷേ വെള്ളയുടുപ്പ് (വെളിപ്പാടു 3:5, 22:14) കൂടാതെ പൊതുവിലുള്ള അനുഗ്രഹങ്ങള്‍ (മത്തായി 5:3-4; 6-10) എന്നിവ അന്തിമ പുനസ്ഥാപനത്തിന്റെ ഭാഗമായി പുതിയ യെരുശലേമിലേക്ക് വരുന്നവര്‍ക്കും ലഭിക്കും. പക്ഷെ, ഭൂമിയില്‍ യേശുവിനോട് കൂടെ സഹിക്കുന്നവര്‍ മാത്രമേ അവനോട് കൂടെ വാഴുകയുള്ളൂ. അവര്‍ മാത്രമേ 1. കൊരിന്ത്യർ 6:3 ല്‍ പറയുന്നത് പോലെ ദൂതന്മാരെപ്പോലും വിധിക്കുന്ന അധികാരം പ്രാപിക്കുകയുള്ളൂ. അവര്‍ മാത്രമേ ഒന്നാം പുനരുത്ഥാനത്തില്‍ പങ്കുള്ളവരായി ക്രിസ്തുവിനോട് കൂടെ വാഴുകയുള്ളൂ (വെളിപ്പാടു 20:4). ഭൂമിയില്‍ വെച്ച് മാത്രമേ പരീക്ഷ സഹിക്കുവാനും ജയിക്കുവാനും സാധിക്കുകയുള്ളൂ അവര്‍ക്ക് മാത്രമേ ജീവ കിരീടം (വെളിപ്പാടു 2:10, യാക്കോബ്) ലഭിക്കുകയുള്ളൂ. പ്രാപിപ്പാന്തക്കവണ്ണം ഓടുവാന്‍ ഭൂമിയില്‍ വെച്ച് മാത്രമേ സാധിക്കുകയുള്ളൂ അവര്‍ക്ക് മാത്രമേ വാടാത്ത കിരീടം ലഭിക്കുകയുള്ളൂ (1. കൊരിന്ത്യർ 9:25). നല്ല പോർ പൊരുതി വിശ്വാസം കാക്കുവാന്‍ ഭൂമിയില്‍ വെച്ച് മാത്രമേ സാധിക്കുകയുള്ളൂ അവര്‍ക്ക് മാത്രമേ നീതിയുടെ കിരീടം പ്രാപിക്കുവാന്‍ സാധിക്കുകയുള്ളൂ (2. തിമൊഥെയൊസ് 4:8). ഭൂമിയില്‍ വെച്ച് മാത്രമേ ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ട് അദ്ധ്യക്ഷത ചെയ്യുവാന്‍ സാധിക്കുകയുള്ളൂ അവര്‍ക്ക് മാത്രമേ തേജസ്സിന്റെ വാടാത്ത കിരീടം (1. പത്രൊസ് 5:4) പ്രാപിക്കുവാന്‍ സാധിക്കുകയുള്ളൂ. കൂട്ടു സഹോദരങ്ങളെ പ്രശംസാകിരീടമായി നേടുവാന്‍ ഭൂമിയില്‍ വെച്ച് മാത്രമേ സാധിക്കുകയുള്ളൂ (1. തെസ്സലൊനീക്യർ 2:19). ഭൂമിയില്‍ സഭയുടെ ഭാഗമായവര്‍ക്ക് മാത്രമേ മറഞ്ഞിരിക്കുന്ന മന്ന, വെള്ളക്കല്ല്, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേര് (വെളിപ്പാടു 2: 17) ജാതികളുടെ മേൽ അധികാരം (വെളിപ്പാടു 2: 26), ഉദയനക്ഷത്രം (വെളിപ്പാടു 2: 28) ദൈവത്തിന്റെ ആലയത്തിൽ തൂണ് (വെളിപ്പാടു 3:12) യേശുവിന്റെ സിംഹാസനത്തിൽ ഇരിക്കുവാനുള്ള വരം (വെളിപ്പാടു 3:21) ഭൂമിയെ അവകാശമാക്കുവാനുള്ള അനുഗ്രഹം (മത്തായി 5:5) ഇതൊക്കെ ലഭിക്കുകയുള്ളൂ. യേശുവിന്റെ നിമിത്തം പഴി കേള്‍ക്കുന്നതിന്റെയും ഉപദ്രവിക്കപ്പെടുന്നതിന്റെയും വലിയ പ്രതിഫലം (മത്തായി 5:11-12) പ്രാപിക്കുവാന്‍ ഭൂമിയില്‍ വെച്ച് കര്‍ത്താവിനെ സ്വീകരിച്ചവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു എന്നാല്‍ ഈ പറഞ്ഞ പ്രതിഫലങ്ങള്‍ക്കുമപ്പുറം ദൈവം തന്നെ സ്നേഹിക്കുന്നവർക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല (1. കൊരിന്ത്യർ 2:9). ഭൂമിയില്‍ വെച്ച് ക്രിസ്തീയവിശ്വാസത്തിന്റെ ഭാഗമായി പ്രാപിക്കുന്ന ഈ അനുഗ്രഹം തള്ളിക്കലയുന്നവര്‍ക്ക് എത്ര കണ്ണീരോടെ അപേക്ഷിച്ചാലും ഒരു കാലത്തും ഈ അനുഗ്രഹങ്ങള്‍ കിട്ടുകയില്ല. ഈ ഭൂമിയില്‍ വെച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ നിയമിക്കപ്പെട്ടവര്‍ മാത്രമേ 13:48 ഈ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയുള്ളൂ. ആരൊക്കെയാണ് സുവിശേഷം സ്വീകരിക്കുക എന്ന തന്റെ മുന്നറിവിന്റെ അടിസ്ഥാനത്തിലാണ് ദൈവത്തിന്റെ ഈ മുന്‍നിയമനം (റോമര്‍ 8:29-30, 1 പത്രോസ് 1:2). സകലരെയും രക്ഷയിലേക്ക് നയിക്കുക എന്നത് പോലെ ഈ തിരഞ്ഞെടുപ്പും  ദൈവത്തിന്റെ ഹിതമായിരുന്നു (എഫെസ്യര്‍ 1:4-6, 11). ഈ നിലയില്‍ ദൈവത്തിന്റെ സാര്‍വത്രികമായ സ്നേഹവും (മത്തായി 5:45-46, യോഹന്നാന്‍ 3:16) സാര്‍വത്രികമായി പൂര്‍ണ്ണമായും ഫലപ്രാപ്തിയിലെത്തുമെന്ന് പ്രത്യാശിക്കാവുന്ന രക്ഷാകര പദ്ധതിയും (1 യോഹന്നാന്‍ 2:2; 4:10,14, റോമര്‍ 5:8, 18) ഒരേ പോലെ സത്യമായിരിക്കുന്നു. ഇതില്‍ ഏതങ്കിലും ഒരു വശത്തിന് മാത്രം അമിതമായി പ്രാധാന്യം നല്‍കുന്നതാണ് പിശക്. 1 കൊരിന്ത്യര്‍ 13:1-13ല്‍ പറഞ്ഞിരിക്കുന്ന സ്നേഹം ദൈവത്തിനുമുണ്ട്. അപ്പോള്‍ തന്നെ ദൈവം തന്റെ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്നു. അന്തിമമായി ദൈവത്തിന്റെ സ്നേഹം വിജയിക്കുക തന്നെ ചെയ്യും.

ക്രമ നമ്പർ

വിഷയം

രക്ഷയെക്കുറിച്ചുള്ള പരമ്പരാഗത പെന്തക്കോസ്ത്

ഉപദേശം

സാർവത്രിക പുനഃസ്‌ഥാപനത്തെക്കുറിച്ചുള്ള  പ്രത്യാശ

1

നീതീകരണം (രക്ഷിക്കപ്പെടൽ)

വിശ്വാസത്താൽ

വിശ്വാസത്താൽ

2

വിശുദ്ധീകരണത്തില്‍ മുന്നേറുന്നത്

രക്ഷാപൂർത്തീകരണത്തിലേക്ക്  എത്തിച്ചേരുവാൻ അത്യാവശ്യമാണ്

രക്ഷാപൂർത്തീകരണത്തിലേക്ക്  എത്തിച്ചേരുവാൻ അത്യാവശ്യമാണ്

3

രക്ഷയുടെ ഭദ്രത

നഷ്ടപ്പെടുത്താം

നഷ്ടപ്പെടുത്താം

4

രക്ഷ നഷ്ടപ്പെടുത്തുന്നത്

രൂപാന്തരത്തിനായുള്ള സമർപ്പണമില്ലാതെ നിരന്തര പാപ ജീവിതത്തിന്റെ പരിണിതഫലമായി യേശുവിനെ തള്ളിക്കളയുന്നതിലൂടെ

രൂപാന്തരത്തിനായുള്ള സമർപ്പണമില്ലാതെ നിരന്തര പാപ ജീവിതത്തിന്റെ പരിണിതഫലമായി യേശുവിനെ തള്ളിക്കളയുന്നതിലൂടെ

5

നിത്യതയിൽ വാഴുന്നതും പ്രതിഫലങ്ങൾ ലഭിക്കുന്നതും

ഭൂമിയിലെ ജീവിതത്തിനിടയിൽ ക്രിസ്തുവിലായവർക്ക് മാത്രം

ഭൂമിയിലെ ജീവിതത്തിനിടയിൽ ക്രിസ്തുവിലായവർക്ക് മാത്രം

6

വിശ്വാസികൾക്കുള്ള പ്രതിഫലം

ഭൗമിക ജീവിതത്തിൽ ചെയ്ത പ്രവർത്തികളുടെ അടിസ്ഥാനത്തിൽ

ഭൗമിക ജീവിതത്തിൽ ചെയ്ത പ്രവർത്തികളുടെ അടിസ്ഥാനത്തിൽ

7

വെള്ള സിംഹാസന ന്യായവിധി

ജീവപുസ്തകത്തിൽ പേരില്ലാത്തവർ നിത്യനരകത്തിൽ

ജീവപുസ്തകത്തിൽ പേരില്ലാത്തവർ നിത്യനരകത്തിൽ

8

ന്യായവിധി സമയത്ത് ജീവപുസ്തകത്തിൽ പേരുണ്ടാകുന്നത്

ഭൂമിയിൽ വെച്ച് വിശ്വസിച്ചവരുടെ മാത്രം

ഭൂമിയിൽ വെച്ച് വിശ്വസിച്ചവരുടെ മാത്രം

9

നരകമെന്ന സ്ഥലത്തിന്റെ ദൈർഘ്യം

നിത്യം

നിത്യം

10

നരകത്തിലെ പുഴു

ചാകുന്നില്ല

ചാകുന്നില്ല

11

നരകത്തിലെ തീ

കെടുന്നില്ല

കെടുന്നില്ല

12

നരകത്തില്‍ കിടക്കുന്നവര്‍ക്ക് എത്ര നാള്‍ ദണ്ഡനമുണ്ടാകും

നിത്യം

നിത്യം

13

നരകത്തിലെ ദണ്ഡനത്തിന്റെ പുക

എന്നേക്കും പൊങ്ങും

എന്നേക്കും പൊങ്ങും

14

നരകത്തിലെ ശിക്ഷയുടെ അടിസ്ഥാന കാരണം

യേശുവിനെ കര്‍ത്താവായി വിശ്വസിച്ച് രക്ഷിക്കപ്പെടാത്തതിനാല്‍

യേശുവിനെ കര്‍ത്താവായി വിശ്വസിച്ച് രക്ഷിക്കപ്പെടാത്തതിനാല്‍

15

നരക ശിക്ഷയുടെ അളവ് നിശ്ചയിക്കുന്നത്

പ്രവര്‍ത്തികള്‍ക്കനുസരിച്ചുള്ള ശിക്ഷ

പ്രവര്‍ത്തികള്‍ക്കനുസരിച്ചുള്ള ശിക്ഷ

16

ഭൂമിയില്‍ പരിമിതമായ കാലം ചെയ്ത പാപത്തിന് നിത്യം ശിക്ഷ അനുഭവിക്കേണ്ടി വരുമോ?

അതേ

നരകത്തിലേക്ക് ദൈവം വിധിക്കുന്ന ശിക്ഷ അതിന്റെ ആകെത്തുകയില്‍ നിത്യമാണ്. എന്നാല്‍ ഭൂമിയില്‍ പരിമിതമായ കാലം ചെയ്ത പാപങ്ങള്‍ക്ക് നരകത്തില്‍ നിത്യം ശിക്ഷ നല്‍കുന്നത് അനീതിയായതിനാല്‍ നീതിമാനായ ദൈവം ഭൂമിയില്‍ ചെയ്ത പാപത്തിനുള്ള പ്രതികാരമെന്ന നിലയില്‍ നല്‍കുന്ന ശിക്ഷ നിത്യമായിരിക്കില്ല. ഭൂമിയില്‍ ചെയ്ത പാപങ്ങള്‍ക്ക് നല്‍കുന്ന “പ്രവര്‍ത്തികള്‍ക്കടുത്ത ശിക്ഷയ്ക്ക്” പരിമിതിയുണ്ടാകും.

17

മറ്റേതെങ്കിലും കാരണത്താല്‍ നിത്യം ദണ്ഡനം അനുഭവിക്കേണ്ടി വരുമോ?

അങ്ങനെ വേര്‍തിരിവൊന്നുമില്ല. അവിശ്വാസത്തിനും പ്രവര്‍ത്തികള്‍ക്കും എല്ലാം കൂടി ഒറ്റ നിത്യ ശിക്ഷയാണ്

യേശുവില്‍ വിശ്വസിക്കാത്തതിന് നിത്യം ശിക്ഷ അനുഭവിക്കേണ്ടി വരും. കാരണം അത് യേശുവിന്റെ കര്‍ത്തൃത്വം അംഗീകരിക്കാതെ ദൈവത്തിന്റെ ശത്രുവായി ദൈവത്തിന് കീഴടങ്ങാതെ എതിര്‍ത്ത് നില്‍ക്കുന്ന നിരന്തര പാപമാണ്.

18

യേശുവിങ്കല്‍ വിശ്വസിച്ച് യേശുവിന്റെ കര്‍ത്തൃത്വം അംഗീകരിക്കാതെ ശത്രുവായി തുടരുന്നതിനെ ദൈവം എത്ര കാലം ശിക്ഷിക്കും

അങ്ങനെ വേര്‍തിരിവൊന്നുമില്ല. അവിശ്വാസത്തിനും പ്രവര്‍ത്തികള്‍ക്കും എല്ലാം കൂടി ഒറ്റ നിത്യ ശിക്ഷയാണ്

നിത്യം

19

സകലർക്കും ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയുമാണോ

അതേ

അതേ

20

മരണത്തിനും വെള്ള സിംഹാസന ന്യായവിധിക്കും ഇടയിൽ യേശുവിനെ വിശ്വസിച്ച് കര്‍ത്താവായി സ്വീകരിക്കുവാനുള്ള അവസരമുണ്ടോ?

യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് രക്ഷിക്കപ്പെടാതെ ഒരിക്കല്‍ മരിച്ചു കഴിഞ്ഞാല്‍ മരണത്തിനും ന്യായവിധിക്കും ഇടയിലെന്നല്ല പിന്നെ ഒരിക്കലും ഒരു അവസരവുമില്ല. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നിത്യ നരകത്തില്‍ നിത്യ ദണ്ഡനം അത്രയേ ഉള്ളൂ.

ഇല്ല. ഒരിക്കല്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ന്യായവിധിയാണുള്ളത്. അതിനിടയില്‍ ആര്‍ക്കും യേശുവിനെ കര്‍ത്താവായി സ്വീകരിക്കുവാനുള്ള അവസരമില്ല.

21

കുറേ കാലം നരകത്തില്‍ ഇട്ട് ശുദ്ധീകരിച്ചതിന് ശേഷം നരക ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ അവരുടെ സ്വതന്ത്ര ഇച്ഛയാലുള്ള അവരുടെ വ്യക്തിപരമായ വിശ്വാസത്താലും ഏറ്റുപറച്ചിലിനാലുമല്ലാതെ യേശുക്രിസ്തുവിന്റെ  വിശാസത്താല്‍ രക്ഷിച്ച് അവരുടെ സ്വതന്ത്ര ഇച്ഛയ്ക്ക് വിരുദ്ധമായി അവരെ പുതിയ യെരുശലേമിലേക്ക് കയറ്റുമോ?

ഇല്ല

ഇല്ല

22

സകല മനുഷ്യരും രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവത്തിന്റെ കുഞ്ഞാടായ പുത്രനെ അയച്ച് പുത്രന്റെ പിഡാനുഭാവത്തിലൂടെ വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തി ആ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ച് സകല മനുഷ്യരെയും രക്ഷ പ്രാപിക്കണമെന്ന തന്റെ ഹിതം ഉപക്ഷിച്ച് തന്റെ പദ്ധതിയില്‍ നിന്ന് ദൈവം എന്നെങ്കിലും പിന്മാറുമോ?

ഓരോ വ്യക്തികളോടുമുള്ള ബന്ധത്തില്‍ അവര്‍ ഏതെങ്കിലും കാരണത്താല്‍ രക്ഷിക്കപ്പെടാതെ മരിച്ചു കഴിഞ്ഞാല്‍ പിന്നെ തന്‍റെ ഈ ആഗ്രഹത്തിന്റെ പരിധിയില്‍ നിന്ന് അവരെ ദൈവം ഒഴിവാക്കും. അന്ത്യന്യായവിധിയോടെ തന്റെ ഈ നടക്കാത്ത ആഗ്രഹം ദൈവം പൂര്‍ണ്ണമായും ഉപേക്ഷിക്കും.

ചിലർ വിശ്വസിച്ചില്ലായെങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. ലോകാരംഭത്തിന് മുന്‍പേ ദൈവം ആരംഭിച്ച തന്റെ പദ്ധതിയില്‍ നിന്ന് ലോകാവസാനത്തിന് ശേഷവും ദൈവം പിന്മാറുകയില്ല.

23

പുതിയ യെരൂശലേമിന് അകത്തുള്ള മണവാട്ടി സഭയും ആത്മാവും പുറത്തുള്ള ശിക്ഷിക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ വസ്ത്രം അലക്കി ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും വരിക എന്ന ആഹ്വാനം നല്‍കുമോ?

ഇല്ല

നല്‍കുമെന്ന്‍ നമ്മുക്ക് പ്രത്യാശിക്കാം.

24

പ്രത്യാശയല്ലാതെ ഉറപ്പുണ്ടോ?

ഒരു പ്രത്യാശയുമില്ല. പിന്നെ ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.

പരോക്ഷമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രത്യാശ നിലനില്‍ക്കുന്നത്. വിശദമായും ക്രമീകൃതമായും ആവര്‍ത്തിച്ചുമുള്ള നിലയില്‍ ഇത്തരമൊരു കാര്യത്തിന്റെ സമ്പൂര്‍ണ്ണ വിശദാംശങ്ങള്‍ ബൈബിളില്‍ ദൈവം വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ ദൈവത്തിന്റെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രത്യാശ എന്നതിന്റെ അപ്പുറത്ത് ഈ വിഷയത്തില്‍ ഒരു ഉറപ്പ് പ്രാപിക്കുവാന്‍ സാധിക്കില്ല.

25

ബൈബിളില്‍ അങ്ങനെ വിശദമായും വ്യക്തമായും ആവര്‍ത്തിച്ചും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ പ്രത്യാശിക്കുന്നത്?

ആവശ്യത്തിനുള്ള പ്രത്യാശയൊക്കെ ബൈബിളിലുണ്ട്. ഇതൊക്കെ അനാവശ്യമായ കാര്യങ്ങളാണ്. ഭൂമിയില്‍ വെച്ച് വിശ്വസിക്കാത്തവരെല്ലാം നരകത്തില്‍ പോകുമെന്ന് അങ്ങോട്ട്‌ അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.

ബൈബിളില്‍ ഈ പ്രത്യാശയ്ക്ക് വ്യക്തമായ അടിസ്ഥാനമുണ്ട്. എന്നാല്‍ തിരുവെഴുത്തിലെ വെളിപ്പാടുകളെ ദൈവവിജ്ഞാനീയപരമായും താത്വികമായും പരസ്പര പൊരുത്തമുള്ളവയായി മനസ്സിലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളായ ഇത്തരത്തിലുള്ള ആശയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മറ്റേതെങ്കിലും ആശയത്തിന് തുല്യമായ വ്യക്തതയോടെ ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുണ്ടാകണമെന്നില്ല. സത്യവചനത്തെ വിഭാഗിച്ചു നല്‍കുവാന്‍ വേണ്ടി സഭയ്ക്ക് ദൈവം ശുശ്രൂഷകന്മാരെ നല്‍കിയിരിക്കുന്നത് ഇത്തരത്തിലുള്ള മറുപടികള്‍ ബൈബിളില്‍ നിന്ന് കണ്ടെത്തി നല്‍കുന്നതിന് വേണ്ടിയാണ്.

26

ഇങ്ങനെ ഒരു പ്രത്യാശയെക്കുറിച്ച് ക്രിസ്തീയ സഭയിലെ ഏതെങ്കിലും ഉപദേഷ്ടാക്കന്മാര്‍ എന്നെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ?

ആരെന്ത് പഠിപ്പിച്ചാലും അതില്‍ കാര്യമില്ല. ഭൂമിയില്‍ വെച്ച് വിശ്വസിക്കാത്തവരെല്ലാം നിത്യ നരകത്തില്‍ പോകും.

ബൈബിളില്‍ നിന്ന് ത്രിയേകത്വ ഉപദേശം സ്ഥാപിച്ച് നല്‍കിയ സഭാ പിതാക്കന്മാരില്‍ പലരും ഈ പ്രത്യാശയെക്കുറിച്ച് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തില്‍ ആദിമ നൂറ്റാണ്ടുകളില്‍ പഠിപ്പിച്ചിട്ടുണ്ട്. വളരെയധികം പേര്‍ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ടെന്ന് ആദ്യ സമയത്ത് ഇതിനെ ചില നിലകളില്‍ അനുകൂലിക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്ത അഗസ്റ്റിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ പ്രത്യാശയ്ക്കും ചരിത്രപരമായ പിന്തുടര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്നും ധാരാളം മുഖ്യധാരാ വേദപഠിതാക്കള്‍ ഈ പ്രത്യാശയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.

27

മുകളില്‍ പറഞ്ഞ നിലയിലുള്ള രീതിയിലുള്ള ഒരു ആഹ്വാനം നല്‍കിയേക്കാമെന്ന് പ്രത്യാശിക്കുന്നതെന്തു കൊണ്ടാണ്?

അങ്ങനെ ഒരു ആഹ്വാനവും നല്‍കില്ല എന്നു പറഞ്ഞല്ലോ അപ്പോള്‍ പിന്നെ ഈ ചോദ്യത്തിനേ പ്രസക്തിയില്ല.

സകലരുടെയും പാപത്തിന് പരിഹാരമായി തന്റെ പുത്രനെ ദൈവം അയച്ചതു മുതല്‍ നിരവധി കാരണങ്ങളുണ്ട് അതില്‍ ഒന്ന്‍ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നുവെന്നുള്ളതാണ്.

28

അങ്ങനെയാണെങ്കില്‍ ന്യായവിധി കഴിഞ്ഞ ഉടനെ എല്ലാവരും യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് രക്ഷിക്കപ്പെടില്ലേ? അപ്പോള്‍ പിന്നെ നിത്യ ദണ്ഡനം വിധിക്കുന്നു എന്ന് പറയുന്നതില്‍ എന്താണ് കാര്യം?

ഇത്തരമൊരു ചോദ്യത്തിനേ പ്രസക്തിയില്ല. ഭൂമിയില്‍ വെച്ച് യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് രക്ഷിക്കപ്പെടാത്തവര്‍ക്കെല്ലാം നിത്യ നരകത്തിലെ നിത്യ ദണ്ഡനം  അത്രയേ ഉള്ളൂ.

ദൂതന്മാരിലൂടെ അതിശയകരമായ നിലയില്‍ നിത്യസുവിശേഷവും അതിശക്തമായ മുന്നറിയിപ്പും കേട്ടിട്ടും അത് അനുസരിക്കുകയോ യേശുവിന്റെ സഹോദരന്മാരെ എതിര്‍ക്രിസ്തുവിന്റെ പീഡന കാലത്ത് സഹായിക്കുകയോ ചെയ്യാത്ത ജാതികളും പിന്നെ പിശാചും മൃഗവും കള്ളപ്രവാചകനുമെല്ലാം പുറപ്പാടിലെ ഫറവോയെപ്പോലെ ഹൃദയം കഠിനപ്പെട്ടവരാണ്. അങ്ങനെയുള്ളവര്‍ യേശുവിന്റെയും ദൈവത്തിന്റെയും രാജത്വം അംഗീകരിച്ച് ദൈവത്തോടുള്ള ശത്രുത്വം ഹൃദയത്തില്‍ അവസാനിപ്പിച്ച് വേഗത്തില്‍ കീഴടങ്ങുകയില്ല. നിത്യതയെന്നാല്‍ അവസാനമില്ലാത്ത ‘സമയമെന്ന്’ മാത്രമല്ല മുന്‍കൂട്ടി പരിധി നിശ്ചയിച്ചിട്ടില്ലാത്ത എന്നാല്‍ ഒരു അവസ്ഥയ്ക്ക് സാധ്യമായ പരമാവധി സമയമെന്നും അര്‍ത്ഥം വരാം. അതിനാല്‍ ഇത്തരക്കാരുടെ ശിക്ഷ ഈ അര്‍ത്ഥത്തിലും നിത്യമായിരിക്കാം. എന്തായാലും ദൈവം തന്റെ ഭാഗത്ത് നിന്ന് ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുവാനുള്ള ഒരു വിധിയല്ല നല്‍കുന്നത് അതിനാല്‍ ശിക്ഷ ആ അര്‍ത്ഥത്തില്‍ സംഭവനീയ സാധ്യതയെന്ന നിലയില്‍ നിത്യം തന്നെയാണ്. മാത്രവുമല്ല ഈ കാര്യങ്ങളെല്ലാം ഒരു വിശ്വാസ സത്യപ്രഖ്യാപനമല്ല മറിച്ച് ഒരു പ്രത്യാശയാണ്. ഈ നിലയിലും നിത്യദണ്ഡനം എന്നതിനെ അവഗണിക്കുന്ന ഒരു വിശ്വാസമല്ല.

29

ആത്യന്തികമായി തന്റെ സകല ശത്രുക്കളെയും തന്റെ ദീര്‍ഘ ക്ഷമയാലും സ്നേഹത്താലും കീഴടക്കുവാന്‍ ദൈവത്തിന് സാധിക്കുമോ?

ശത്രുക്കളെ സ്നേഹിച്ച് കീഴടക്കുന്നത് ഇപ്പോഴാണ്. അവസാനം ശത്രുക്കളെ സ്നേഹിച്ചല്ല നരകത്തിലിട്ട് കീഴടക്കും.

ദൈവത്തിന് സാധിക്കുമെന്ന്‍ പ്രത്യാശിക്കാം.

30

യേശുവിനെ കര്‍ത്താവായി ഏറ്റു പറയുന്നവര്‍ രക്ഷിക്കപ്പെടുമെന്ന് എഴുതിയിരിക്കുന്നത് പോലെ ആത്യന്തികമായി സകലരും യേശുവിനെ കർത്താവായി ഏറ്റുപറയുമോ?

ഏറ്റുപറയും. മരണാനന്തരം ദൈവത്തെ ഭയന്നാണ് ഏറ്റു പറയുന്നത് എന്നതിനാല്‍ ദൈവം അവരെ രക്ഷിക്കില്ല.

ദൈവത്തിന് മഹത്വം വരുന്ന രീതിയില്‍ എല്ലാവരും ഏറ്റ് പറയും. ദൈവം ഭയപ്പെടുത്തി പറയിപ്പിക്കുന്നത് എങ്ങനെയാണ് സ്വാഭാവികമായി ദൈവത്തിന് മഹത്വമായി മാറുന്നത്? ഏറ്റു പറയുന്നവരെ ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്ന ഒരുനാളും ഉതിർന്നുപോകാത്ത സ്നേഹമായ ദൈവം രക്ഷിക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കുന്നതാണ് അങ്ങനെ പ്രത്യാശിക്കാതിരിക്കുന്നതിനേക്കാള്‍ ബൈബിളടിസ്ഥാനത്തില്‍ യുക്തിഭദ്രം.

31

അങ്ങനെ രക്ഷിക്കുമെന്നാണ് പ്രത്യാശയെങ്കില്‍ ദൈവം ന്യായം വിധിക്കുന്നത് വെറുതെയായി പോകില്ലേ?

അങ്ങനെയൊന്നും രക്ഷിക്കില്ല.

മനുഷ്യരുടെ കാര്യത്തില്‍ പ്രവര്‍ത്തികള്‍ക്കടുത്ത ന്യായവിധിയുണ്ടാകുമെന്നാണ് ബൈബിള്‍ പറയുന്നത്. ഈ ന്യായവിധി അനുഭവിക്കേണ്ടി വരും. രക്ഷിക്കപ്പെട്ടവര്‍ക്ക് അവരുടെ ഭൂമിയിലെ ജീവിത കാലത്ത് ചെയ്ത പ്രവര്‍ത്തികളെയും ദൈവത്തിനു വേണ്ടി ചെയ്ത ശുശ്രൂഷയും ശോധന ചെയ്ത് നല്‍കുന്ന പ്രതിഫലവും അവര്‍ക്ക് നല്‍കുന്ന നിത്യജീവനും രണ്ടും രണ്ടായിരിക്കുന്നത് പോലെ തന്നെയാണ് പ്രവര്‍ത്തികള്‍ക്കടുത്ത ന്യായവിധിയും ജീവപുസ്തകത്തില്‍ പേരെഴുതപ്പെടുന്ന നിലയില്‍ ഭൂമിയില്‍ വെച്ച് യേശുവിനെ കര്‍ത്താവായി സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ലഭിക്കുന്ന നിത്യമരണവും.

32

ന്യായവിധിയെക്കുറിച്ചുള്ള പൊതുവിലുള്ള വീക്ഷണമെന്താണ്?

അന്ത്യ ന്യായവിധി അന്ത്യമാണ്.

അന്ത്യ നാളില്‍ പ്രഖ്യാപിക്കുന്ന ന്യായവിധി അല്ലെങ്കില്‍ ശിക്ഷാവിധി അതുപോലെ മരണം ഇതിനെല്ലാം ഇപ്പോള്‍ തന്നെ സകല മനുഷ്യരും മറ്റൊരു നിലയില്‍ അധീനരാണ്. അതില്‍ നിന്നാണ് എല്ലാവരും വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കുന്നത്. അതായത് എല്ലാ കാലത്തും ശിക്ഷാവിധി ലഭിച്ചവരാണ് രക്ഷിക്കപ്പെടുന്നത്. പുതിയ ഒരു യുഗത്തിന്റെ ആരംഭാത്തിന് മുന്‍പായി നടക്കുന്ന ന്യായവിധിയില്‍ ഇപ്പോള്‍ തന്നെയുള്ള ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഒപ്പം ജീവിതത്തിലെ മുഴുവന്‍ പ്രവര്‍ത്തികളും കണക്കുകൂട്ടി അതിന് പ്രതികാരം നല്‍കുകയുമാണ് ദൈവം ചെയ്യുന്നത്.

33

യേശു മുഖാന്തിരം വന്ന നീതീകരണം സകല മനുഷ്യർക്കും ജീവകാരണമായി തീരുമോ?

ഭൂമിയിൽ വെച്ച് സുവിശേഷം കേട്ട് വിശ്വസിക്കുന്നവര്‍ക്ക് മാത്രം. അല്ലാത്തവർക്ക് ഇല്ല.

സകലർക്കും ജീവകാരണമാകുമെന്ന് പ്രത്യാശിക്കുവാനുള്ള അനുവാദം നല്‍കുന്ന വ്യക്തമായ സൂചനകള്‍ ബൈബിളിലുണ്ട്.

34

ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടുമോ?

ഭൂമിയിൽ വെച്ച് വിശ്വസിക്കുന്നവർ മാത്രം. അല്ലാത്തവര്‍ ക്രിസ്തുവിലല്ല ജീവിപ്പിക്കപ്പെടുന്നത്. അല്ലാത്തവരെ നിത്യ ദണ്ഡനം അനുഭവിക്കുവാനുള്ള ശരീരം നല്‍കുന്നതിന് വേണ്ടി ഏഴുന്നേല്പിക്കും.

ശാരീരികമായി മാത്രമല്ല ആദാമില്‍ ആത്മീയമായും മരിച്ച സകലരും ക്രിസ്തുവില്‍ ആത്മീയമായി ജീവിപ്പിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. അപ്പോള്‍ മരണം ആത്യന്തികമായി പരാജയപ്പെടും.

35

സകലത്തെയും ക്രിസ്തുവിൽ  ഒന്നായി ചേർക്കുകയും സകലത്തെയും ക്രിസ്തുവിൽ തന്നോട് നിരപ്പിക്കുകയും ചെയ്യുന്ന ദൈവം എന്നെങ്കിലും ഉപേക്ഷിക്കുമോ?

വെള്ള സിംഹാസന ന്യായവിധി സമയത്ത് ഇതൊന്നും നടക്കുവാന്‍ പോകുന്നില്ലായെന്ന് ദൈവത്തിന് മനസ്സിലാകും.

ദൈവം സകലരെയും നിരപ്പിക്കുന്നത് വരെ പിന്മാറില്ല എന്ന് പ്രത്യാശിക്കാം.

36

അപ്പോള്‍ സാത്താനും പുതിയ യെരുശലേമില്‍ കടക്കുമോ?

ഇല്ല. ഇല്ല. ഇല്ല.

ബൈബിള്‍ പ്രധാനമായും മനുഷ്യനെ സംബന്ധിച്ച രക്ഷാകര പദ്ധതിയാണ് പറയുന്നത്. പുതിയ യെരുശലേം മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്റെ കൂടാരമാണ്. അതിലേക്കുള്ള ക്ഷണം മനുഷ്യനുള്ളതാണ്. ആദാമില്‍ മരിച്ച സകലരുമാണ് ക്രിസ്തുവില്‍ ജീവിപ്പിക്കപ്പെടുമെന്ന് പ്രത്യാശിക്കപ്പെടുന്നത്. സകലത്തെയും തന്നോട് നിരപ്പിക്കുമ്പോള്‍ സകല ശത്രുക്കളെയും ദൈവം തന്റെ കാല്‍ക്കീഴാക്കുമ്പോള്‍ സാത്താന് എന്താണ് സംഭവിക്കുകയെന്നത് മനുഷ്യന്റെ കാര്യത്തിലുള്ള അത്രയും പോലും വ്യക്തതയില്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നതാണ് ഉചിതം.

37

നരകത്തിലുള്ളവര്‍ക്ക് പുതിയ യെരുശലേമിലേക്ക് വരാമെന്ന് പ്രത്യാശിക്കുന്നത് പോലെ പുതിയ യെരുശലേമിലുള്ളവര്‍ നരകത്തിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ?

നരകത്തിലുള്ള ആരും പുതിയ യെരുശലേമിലേക്ക് വരില്ല.

ഇല്ല. കാരണം പുതിയ യെരുശലേമിലുള്ളവര്‍ ക്രിസ്തുവിനെപ്പോലെയാവുകയെന്ന രൂപാന്തരത്തിന്റെ പൂര്‍ണ്ണത പ്രാപിച്ചവരാണ്. നിത്യമായ ജീവന്റെ പൂര്‍ണ്ണത പ്രാപിച്ചവരാണ്. യേശു പിതാവിനെ തള്ളിപ്പറയുകയില്ലാത്തത് പോലെ തന്നെ പുതിയ യെരുശലേമിലെ  ഇവരും പാപം ചെയ്ത് നരകത്തിലേക്ക് പോകില്ല.

38

നിത്യനരകത്തിലെ നിത്യദണ്ഡനം നിത്യമല്ലായെങ്കില്‍ എങ്ങനെയാണ് നിത്യജീവന്‍ നിത്യമാകുന്നത്?

രണ്ടും നിത്യമാണ്.

രണ്ടും നല്‍കുന്ന ദൈവത്തിന്റെ ഭാഗത്ത് നിന്ന് രണ്ടും ഒരുപോലെ നിത്യമാണ്. ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുവാന്‍ ഉദ്ദേശിച്ചോ ഒരു പരിധി നിശ്ചയിച്ചോ അല്ല രണ്ടും ദൈവം നല്‍കുന്നത്. നരകവും തീയും പുഴുവും ദണ്ഡനവും പുകയുമെല്ലാം നിത്യമാണെങ്കിലും  അതില്‍ നിന്ന് പുറത്തു വരുവാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് ഓരോരുത്തര്‍ക്കായി നല്‍കിയിട്ടുണ്ട് എന്നാണ് പ്രത്യാശിക്കുന്നത്. നിത്യജീവന്‍ പ്രാപിക്കുന്നവര്‍ ഇനി ഞാനല്ല എന്നില്‍ ജീവിക്കുന്നത് ക്രിസ്തുവത്രേ എന്ന് പറഞ്ഞ് തങ്ങളുടെ സ്വാതന്ത്ര്യം ദൈവശക്തിക്ക് കീഴ്പ്പെടുത്തിക്കൊടുത്തവരാണ്. അവരുടെ സ്വഭാവപ്രകൃതി ദൈവം രൂപാന്തരപ്പെടുത്തി അവരെ ദൈവിക സ്വഭാവത്തില്‍ പൂര്‍ണ്ണമായി പങ്കുകാരാക്കിയിരിക്കുന്നതിനാല്‍ ആ സ്വഭാവത്തിന് വിരുദ്ധമായി അവര്‍ തങ്ങളുടെ സ്വാതന്ത്ര്യം ദൈവത്തിനെതിരേ ഇനി ഉപയോഗിക്കില്ല. എന്നാല്‍ നരകത്തിലേക്ക് പോകുന്നവരെ ദൈവം ഇത്തരത്തില്‍ എതിര്‍ദിശയിലേക്ക് രൂപാന്തരപ്പെടുത്തിയിട്ടില്ല.

39

എല്ലാവര്‍ക്കും മരണത്തിനു ശേഷവും അവസരം ലഭിക്കുമെങ്കില്‍ പിന്നെ ഇപ്പോള്‍ സുവിശേഷം പ്രസംഗിക്കേണ്ട കാര്യമുണ്ടോ? ഇത്തരമൊരു ഊഹാപോഹം കേട്ട് ആരെങ്കിലും മാനസാന്തരപ്പെടാതിരുന്നാല്‍ അത് വലിയ ദുരന്തമായി മാറില്ലേ?

മരണത്തിന് ശേഷം അവസരമൊന്നുമില്ല. അതിനാല്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല.

ഒന്നാമതായി ഇത് ഒരു വിശ്വാസസത്യമെന്നതു പോലെ അവിശ്വസികളോട് പ്രസംഗിക്കപ്പെടേണ്ട ഒരു കാര്യമല്ല. രണ്ടാമത് ഇതൊരു ഊഹാപോഹമല്ല വിശദാംശങ്ങള്‍ വിശദമായും ആവര്‍ത്തിച്ചും ബൈബിളില്‍ എഴുതിയിട്ടില്ലെങ്കിലും ബൈബിളില്‍ വ്യക്തമായ അടിസ്ഥാനമുള്ള കാര്യമാണ് ഇത്. ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒരു പ്രത്യാശയെന്ന നിലയില്‍ ഇത് അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. മരണാനന്തരം അവസരമുണ്ടാകാമെന്ന പ്രത്യാശ ശരിയായി വന്നാലും അങ്ങനെ രക്ഷിക്കപ്പെടുന്നവര്‍ക്ക് ഭൂമിയില്‍ വെച്ച് വിശ്വസിക്കുന്നവര്‍ക്കുള്ളത് പോലെയുള്ള പ്രതിഫലം ലഭിക്കില്ല ക്രിസ്തുവിനോട് കൂടെ അവര്‍ക്ക് വാഴുവാന്‍ സാധിക്കില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തമാണ്. മാത്രവുമല്ല ഭൂമിയില്‍ വെച്ച് മാനസാന്തരപ്പെട്ട് വിശ്വസിക്കാത്തവര്‍ അവരുടെ പ്രവര്‍ത്തികള്‍ക്കടുത്ത ശിക്ഷ നിശ്ചയമായും അനുഭവിക്കേണ്ടി വരും. അത് എത്ര ‘കാലമാണെന്ന്’ അറിയില്ല. ആത്യന്തികമായി നമ്മുടെ സന്ദേശത്തിന്റെ ഭീകരതയല്ല ദൈവസ്നേഹമാണ് മനുഷ്യരെ രൂപാന്തരപ്പെടുത്തേണ്ടത്. പരിശുദ്ധാത്മാവാണ് അത് ചെയ്യുന്നത്. അതിനാല്‍ ഈ പ്രത്യാശ സുവിശേഷത്തിന് ഏതെങ്കിലും തരത്തില്‍ വിഘാതമാകുമെന്ന് കരുതേണ്ടതില്ല. സുവിശേഷം പ്രസംഗിക്കുന്നതിനും സുവിശേഷത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ തന്നെ മനുഷ്യര്‍ അനുഭവിക്കേണ്ടതാണെന്നതിനെയും സാധൂകരിക്കുന്ന ഈ പ്രത്യാശയുമായി ബന്ധമില്ലാത്ത നിരവധി കാരണങ്ങള്‍ വേറെയുണ്ട്. ഒരിക്കലും മോചനമില്ലാത്ത നിത്യനരകമെന്ന ആശയം അനേകരെ ക്രിസ്തീയ സന്ദേശത്തിന് എതിരാക്കിയിട്ടുണ്ട്. അവര്‍ക്ക് ക്രിസ്തീയവിശ്വാസം സ്വീകരിക്കുവാന്‍ ഈ ബൈബിളധിഷ്ഠിത പ്രത്യാശ മുഖാന്തിരമായി തീരും.  

40

ഈ ഉപദേശം ഫെയിത്ത് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തണമോ?

ഇത് ഉപദേശമല്ല. ദുരുപദേശമാണ്.

ഫെയിത്ത് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തേണ്ടത് ക്രിസ്തീയവിശ്വാസത്തില്‍ കേന്ദ്രസ്ഥാനമുള്ള അസന്ദിഗ്‌ദ്ധമായ വിശ്വാസസത്യങ്ങളാണ്. ഇത് ആ നിലവാരത്തിലുള്ള ഒരു ആശയമല്ല. ബൈബിളടിസ്ഥാനത്തില്‍  അനുവദനീയമായ ഒരു പ്രത്യാശ മാത്രമാണിത്. ഇതില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളെക്കാള്‍ പല നിലകളിലുള്ള മുന്‍‌തൂക്കം ഇതിനുണ്ട്. അതിനാല്‍ ഇത് പഠിപ്പിക്കുന്നതില്‍ തെറ്റില്ല.

41

സാർവത്രിക പുനഃസ്‌ഥാപനത്തെക്കുറിച്ചുള്ള  പ്രത്യാശ വെച്ചുപുലര്‍ത്തുന്നവര്‍ മരിച്ചാലും അവസരമുണ്ടല്ലോയെന്ന് കരുതി രക്ഷ ഇപ്പോള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ലായെന്ന് ചിന്തിച്ച് പാപ ജീവിതം നയിക്കുവാന്‍ സാധ്യതയില്ലേ?

അതെ

മുകളില്‍ സുവിശേഷ പ്രചരണവുമായി ബന്ധപെട്ട് ചോദിച്ച ചോദ്യത്തിനുള്ള പല മറുപടികളും ഇതിനും ബാധകമാണ്. അതു കൂടാതെ,  യഥാര്‍ത്ഥമായി രക്ഷിക്കപ്പെട്ടവര്‍ സാധാരണഗതിയില്‍ നിരന്തര പാപത്തില്‍ തുടരുകയില്ല. രൂപാന്തരം ദൈവസ്നേഹത്തില്‍ നിന്ന് വരേണ്ടതാണ്. ഏറ്റു പറഞ്ഞ് ക്ഷമ ചോദിച്ചാല്‍ പാപം ക്ഷമിക്കപ്പെടുമെന്ന വിശ്വാസം പാപത്തിനുള്ള അനുവാദമല്ലേയെന്ന് ചോദിക്കുന്നത് പോലെയേയുള്ളൂ ഇത്തരം ആരോപണങ്ങള്‍.

Leave a reply:

Your email address will not be published.

Sliding Sidebar